ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കിടെ 65-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. ഗായകൻ യേശുദാസും സംവിധായകൻ ജയരാജും ചടങ്ങിൽ പങ്കെടുത്തു. ഫഹദ് ഫാസിലും പാർവ്വതിയും വിട്ടുനിന്നു. മികച്ച ഗായകനുളള അവാർഡ് കെ.ജെ.യേശുദാസും മികച്ച സംവിധായകനുളള അവാർഡ് ജയരാജും രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്നും ഏറ്റുവാങ്ങി. അവാർഡ്ദാന ചടങ്ങിൽനിന്നും വിട്ടുനിന്നവരുടെ പേര് ലിസ്റ്റിൽനിന്നും ഒഴിവാക്കിയാണ് പുരസ്കാരദാനം നടത്തിയത്.

ചടങ്ങ് ബഹിഷ്കരിക്കില്ലെന്ന് യേശുദാസും ജയരാജും നേരത്തെ അറിയിച്ചിരുന്നു. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനു താൽപര്യമില്ല. വിവേചനത്തില്‍ പ്രതിഷേധിച്ചാണ് നിവേദനത്തില്‍ ഒപ്പുവച്ചതെന്നും നിവേദനം നൽകിയതിനെ പിന്തുണയ്ക്കുന്നുവെന്നും യേശുദാസ് വ്യക്തമാക്കി. അതേസമയം, ചടങ്ങിൽനിന്നും വിട്ടുനിന്ന ഫഹദ് നാട്ടിലേക്ക് മടങ്ങി. മികച്ച സഹനടനുളള അവാർഡ് ഫഹദിനായിരുന്നു.

65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ പ്രധാനപ്പെട്ട 11 അവാർഡുകൾ മാത്രമായിരിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നൽകുക. കേന്ദ്ര വാര്‍ത്താ വിനിമയ സംപ്രേക്ഷണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയായിരിക്കും മറ്റ് പുരസ്കാരങ്ങള്‍ നല്‍കുക. ഇതിന് എതിരെയാണ് അവാർഡ് ജേതാക്കൾ പ്രതിഷേധവുമായി എത്തിയത്. എല്ലാ അവാർഡുകളും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നൽകണമെന്നാണ് ആവശ്യം.

രാഷ്ട്രപതി എല്ലാവർക്കും പുരസ്കാരം നൽകിയില്ലെങ്കിൽ ചടങ്ങ് ബഹിഷ്ക്കരിക്കാൻ ഇന്ന് രാവിലെ ചേർന്ന പുരസ്കാര ജേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. കെ.ജെ.യേശുദാസും ജയരാജുമടക്കം പുരസ്കാര ജേതാക്കൾ ഒപ്പിട്ട പരാതി വാർത്താവിതരണ പ്രക്ഷേപണ മന്ത്രിക്ക് നൽകുകയും ചെയ്തു.

വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍, മികച്ച ഗായകന്‍ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, മികച്ച സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍ തുടങ്ങി 11 പുരസ്കാരങ്ങള്‍ മാത്രമാകും രാഷ്ട്രപതി നല്‍കുക എന്ന വിവരം ഇന്നലെ വൈകിട്ടാണ് പുരസ്കാര ജേതാക്കള്‍ അറിയുന്നത്. ഇതോടെയാണ് വലിയ പ്രതിഷേധം ഉടലെടുത്തത്.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിൽ ഉളളത്. ഇതുവരെയുള്ള പതിവും അതാണ്. എന്നാല്‍, ഇന്നലെ വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്.

ഉപരാഷ്ട്രപതി അവാർഡ് നൽകിയാൽ സ്വീകരിക്കുമെന്നാണ് അവാർഡ് ജേതാക്കളുടെ നിലപാട്. സ്മൃതി ഇറാനി പുരസ്കാരം നൽകിയാൽ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് ഒരു വിഭാഗം പുരസ്കാര ജേതാക്കൾ അറിയിച്ചിട്ടുണ്ട്.

അതേസമയം, 11 പേര്‍ക്കൊഴികെ രാഷ്ട്രപതി നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്. ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതു സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് പുറത്തിറക്കിയതെന്നുമാണ് സർക്കാരിന്റെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ