ജലന്ധർ: കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജലന്ധറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കയാണ് മോദിയുടെ പരാമർശം. എന്തു വില കൊടുത്തും അധികാരത്തിലെത്താൻ കോൺഗ്രസ് ശ്രമിക്കുകയാണ്. പിടിച്ചു അവർ നിൽക്കാൻ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മറ്റു പാർട്ടികളുമായി സഖ്യത്തിലേർപ്പെടുന്നതിനെയും മോദി വിമർശിച്ചു. യുപിയിൽ തുടക്കത്തിൽ സമാജ്‌വാദി പാർട്ടിയുമായി അത്ര രസത്തിലല്ലാതിരുന്ന കോൺഗ്രസ് അവിടെ കുടുംബവഴക്കുണ്ടായപ്പോൾ അവരുമായി സഖ്യമുണ്ടാക്കി. കഴിഞ്ഞ വർഷം ബംഗാളിൽ ഇടതു പക്ഷത്തോടൊപ്പം ചേർന്ന് വോട്ടു ചോദിച്ചു.
അഞ്ച് വർഷം മുൻപ് വോട്ട് ചെയ്ത പോലെയേ ഇപ്രാവശ്യവും പഞ്ചാബ് ജനത ചെയ്യൂ. പ്രകാശ് സിങ് ബാദലിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാനാണ് അവർ ആഗ്രഹിക്കുന്നത്. ബാദൽ വർഷങ്ങളായി രാഷ്ട്രീയ രംഗത്തുണ്ട്. തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാനും പാർട്ടി മാറാനും അദ്ദേഹം തയാറായില്ല. സിഖ്-ഹിന്ദു വിഭാഗങ്ങൾ തമ്മിൽ പ്രശ്നമുണ്ടായപ്പോൾ ഐക്യത്തിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു ബാദൽ. പാവങ്ങളും കർഷകരും ഗ്രാമങ്ങളുമാണ് ബാദലിന് പ്രധാനപ്പെട്ടത്. വിള നശിച്ച കർഷകരുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികൾ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്.- നരേന്ദ്രമോദി പറഞ്ഞു. ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി കോൺഗ്രസ് കഴിഞ്ഞ 48 വർഷമായി തടഞ്ഞു വച്ചിരിക്കയായിരുന്നെന്നും മോദി ആരോപിച്ചു.