ന്യൂഡല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയ രൂപീകരണ ചര്‍ച്ചാ മേശയില്‍ എത്തിയ ഒരു പ്രധാന ശബ്ദം രാഷ്ട്രീയ സ്വയംസേവക് സംഘിന്റേത് (ആര്‍ എസ് എസ്).

നയത്തിന്റെ കരട് തയ്യാറാക്കുന്ന അവസരത്തില്‍ ആര്‍ എസ് എസുമായി ബന്ധമുള്ള അനവധി പേര്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നു. ആര്‍ എസ് എസ് ഭാരവാഹികളും ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും സര്‍ക്കാരിന്റെ പ്രതിനിധികളും
ദേശീയ വിദ്യാഭ്യാസ നയ രൂപീകരണ കമ്മിറ്റി ചെയര്‍മാനായ കെ കസ്തൂരിരംഗനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍, ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ അന്തിമ നയം കാണിക്കുന്നത് സര്‍ക്കാര്‍ രാഷ്ട്രീയ നൂല്‍പ്പാലത്തിലൂടെയാണ് കടന്ന് പോയത് എന്നാണ്. സംഘപരിവാറിന് നല്‍കിയ ഏറ്റവും വലിയ ആനുകൂല്യം പ്രതീകാത്മകതയേക്കാള്‍ പ്രമാണപരമാണ്. മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്ന് മാറ്റി.

ആര്‍ എസ് എസിന്റെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ ചിലതിനോട് സര്‍ക്കാര്‍ കൈയകലം പാലിച്ചു. ഉദാഹരണമായി, മൂന്ന് ഭാഷാ ഫോര്‍മുലയോടുള്ള പുതിയ വിദ്യാഭ്യാസ നയത്തിന്റെ നിലപാട്.

Read Also: വിദേശ സര്‍വകലാശാലകളുടെ കാമ്പസുകള്‍ സ്ഥാപിക്കാന്‍ അനുമതി; വിദ്യാഭ്യാസ നയത്തിൽ വൻ മാറ്റം

വിദ്യാര്‍ത്ഥികള്‍ ഹിന്ദി പഠിക്കണമെന്നുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്നുള്ള തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണിത്.

നേരത്തെ, കസ്തൂരിരംഗന്‍ കമ്മിറ്റി സമര്‍പ്പിച്ച വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപത്തില്‍ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പ്രാദേശിക ഭാഷയ്‌ക്കൊപ്പം ഹിന്ദിയും ഇംഗ്ലീഷും പഠിക്കണമെന്ന് പറഞ്ഞിരുന്നു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദിയ്ക്കും ഇംഗ്ലീഷിനുമൊപ്പം മറ്റേതെങ്കിലും പ്രാദേശിക ഭാഷ കൂടെ പഠിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

എന്നിരുന്നാലും, കേന്ദ്ര മന്ത്രി സഭ അംഗീകരിച്ച നയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അയവ് നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളുടെ മേല്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുന്നില്ലെന്ന് നയം പറയുന്നു.

സംസ്ഥാനങ്ങളുടേയും പ്രദേശങ്ങളുടേയും വിദ്യാര്‍ത്ഥികളുടേയും വിദ്യാര്‍ത്ഥികളുടയേും തീരുമാന പ്രകാരം മൂന്ന് ഭാഷകള്‍ പഠിക്കണമെന്നും മൂന്നില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷ ആയിരിക്കുമെന്നും നയം പറയുന്നു.

ആര്‍ എസ് എസിന്റെ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസ് തുറക്കാന്‍ അനുമതി നല്‍കിയത്.

നയത്തില്‍ പ്രാചീന ഇന്ത്യന്‍ വിജ്ഞാനം ഉള്‍പ്പെടുത്തണമെന്ന് ആര്‍ എസ് എസ് ആവശ്യപ്പെട്ടിരുന്നപ്പോള്‍ പുതിയ നയരേഖയില്‍ പറയുന്നത് സ്‌കൂള്‍ കരിക്കുലത്തില്‍ ഉചിതമായ ഇടങ്ങളില്‍ കൃത്യവും ശാസ്ത്രീയമായ രീതികളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്ന് ആണ്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്നും തങ്ങള്‍ തൃപ്തരാണെന്നും ആര്‍ എസ് എസ് ഭാരവാഹികള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഞാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ 80 ശതമാനത്തില്‍ അധികം അംഗീകരിച്ചു, അഖില ഭാരതീയ ഇതിഹാസ സങ്കലന്‍ യോജനയുടെ സംഗാതന്‍ മന്ത്രിയായ ബാല്‍മുകുന്ദ് പാണ്ഡേ പറഞ്ഞു. എന്റെ ഏതൊക്കെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചില്ലെന്ന് നിങ്ങളോട് പറയാന്‍ എനിക്ക് താല്‍പര്യമില്ല, അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പല നിര്‍ദ്ദേശങ്ങളും അംഗീകരിച്ചുവെന്ന് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘിന്റെ സംഗാതന്‍ മന്ത്രിയായ മഹേന്ദ്ര കപൂര്‍ പറഞ്ഞു. നയരേഖയുടെ പൂര്‍ണ രൂപം പുറത്ത് വന്നാലേ ഏതൊക്കെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് പറയാന്‍ ആകൂവെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സമ്മതത്തോടെയാണ് ഹിന്ദിയെ കുറിച്ച് ത്രി-ഭാഷ ഫോര്‍മുലയില്‍ പറയാതിരുന്നതെന്ന് ആര്‍ എസ് എസ് വൃത്തങ്ങള്‍ പറയുന്നു. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയില്‍ വേണം പഠിപ്പിക്കാന്‍ എന്നുള്ള നിര്‍ദ്ദേശത്തിലൂടെ ആര്‍ എസ് എസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായി.

Read in English: National Education Policy: RSS wanted more, government walked the tightrope

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook