ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക സേനയിലേക്കു വര്‍ഷം തോറും ആയിരക്കണക്കിനു കേഡറ്റ്‌സുകളെ പരിശീലിപ്പിച്ചയയ്ക്കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പ്രിന്‍സിപ്പലിനും മറ്റു അധ്യാപകര്‍ക്കുമെതിരെ സിബിഐ കേസ്. പുണെയില്‍ ഖഡക്‌സ്വാലയിലുള്ള അക്കാദമിയിലെ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കുമെതിരെയാണ് കേസെടുത്തത്. നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയതിനാണ് നടപടി.

പ്രിന്‍സിപ്പല്‍ ഓം പ്രകാശ് ശുക്ലയ്‌ക്കൊപ്പം പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസര്‍, കെമിസ്ട്രി, ഗണിതം എന്നീ വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രഫസര്‍ എന്നിവര്‍ക്കെതിരെ കുറ്റകരമായ ഗൂഢാലോചന, അഴിമതി, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്തെ മുതിര്‍ന്ന എന്‍ഡിഎ പ്രൊഫസറായ ശുക്ല 2011 മുതല്‍ അക്കാദമിയിലെ പ്രിന്‍സിപ്പലാണ്. 2007 മുതലുളള നിയമനങ്ങളിലാണ് ക്രമക്കേടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കേസെടുത്തതിനു പിന്നാലെ ഇവരുടെ വീടുകളിലും പുണെയിലെ അക്കാദമിയിലും സിബിഐ റെയ്ഡ് നടത്തി.

അക്കാദമിക് പെര്‍ഫോമന്‍സ് രേഖപ്പെടുത്തുന്ന അക്കാദമി റെക്കോര്‍ഡില്‍ തിരുത്തലുകള്‍ നടത്തിയാകാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗ്യത നേടാതെ പോയ അധ്യാപകരെ കയറ്റിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അനുഭവ പരിചയം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും, സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളിലും കൃത്രിമം കാട്ടിയതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്‍ഡിഎയില്‍ അധ്യാപക നിയമനം നടത്തുന്നത് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) ആണ്. യോഗ്യതയില്ലാത്ത മത്സരാര്‍ത്ഥികളെയാണ് കുറ്റാരോപിതര്‍ യുപിഎസിയിലേക്ക് അയച്ചിരുന്നതെന്നാണ് കണ്ടെത്തല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook