ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നു. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. രാജ്യതലസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്.

ഡല്‍ഹിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. 19 മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡല്‍ഹിയില്‍ നിന്നുള്ള 19 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Read Also: ഭയപ്പെടുത്തി ഇല്ലാതാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്; കേന്ദ്രത്തിനെതിരെ പിണറായി

ബെംഗളൂരുവില്‍ പ്രതിഷേധിച്ചിരുന്ന നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ ആവശ്യപ്പെട്ടു. അഹമ്മദാബാദില്‍ പ്രതിഷേധിച്ചിരുന്നവര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു അഹമ്മദാബാദിലെ പ്രതിഷേധം. പത്തോളം സംസ്ഥാനങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരടക്കമുള്ള ഇടത് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌ത ശേഷം വിട്ടയച്ചു. അറസ്റ്റിന് ശേഷം തിരിച്ചെത്തിയ യെച്ചൂരി വീണ്ടും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. പൊലീസ്‌ വാഹനത്തിൽനിന്ന്‌ ഇറങ്ങിയാണ്‌ സീതാറാം യെച്ചുരി അടക്കമുള്ള നേതാക്കൾ വീണ്ടും പ്രതിഷേധത്തിനായി എത്തിയിരിക്കുന്നത്‌.

സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ഡാനിഷ് ഖാന്‍ എന്ന ഉപയോക്താവിന് മറുപടിയായി ടെലികോം കമ്പനി എഴുതിയതിങ്ങനെ ‘ഹായ്, ഡാനിഷ്! ഞങ്ങള്‍ പറഞ്ഞതു പോലെ, സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം. അധികാരികള്‍, വോയ്സ്, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. സസ്പെന്‍ഷന്‍ ഓര്‍ഡറുകള്‍ എടുത്തുകഴിഞ്ഞാല്‍, ഞങ്ങളുടെ സേവനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. ഞങ്ങളോട് ക്ഷമിക്കണം.’ നിരവധി മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook