ചെന്നൈ: ഇന്ത്യൻ സിനിമയിലെ പ്രശസ്ത കലാസംവിധായകൻ പി. കൃഷ്ണമൂർത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. സംസ്കാരം ചെന്നൈ മാടപ്പോക്കത്തു നടക്കും.
കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനുമായി അഞ്ചു തവണ ദേശീയപുരസ്കാരങ്ങള്‍ നേടിയ കലാകാരനായിരുന്നു പി. കൃഷ്ണമൂർത്തി . അഞ്ചു തവണ കേരള സ്റ്റേറ്റ് അവാർഡിനും അർഹനായിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡിന് പുറമെ കലൈമാമണി പുരസ്കാവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എന്നിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ പ്രതിഭയായിരുന്നു കൃഷ്ണമൂര്‍ത്തി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ 50-ൽപ്പരം ചിത്രങ്ങൾക്കുവേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിർവഹിച്ചു. ‘സ്വാതിതിരുനാൾ’, ‘വൈശാലി’, ‘ഒരു വടക്കൻ വീരഗാഥ’, ‘പെരുന്തച്ചൻ’, ‘രാജശില്പി’, ‘പരിണയം’, ‘ഗസൽ’, ‘കുലം’ ‘വചനം’ ‘ഒളിയമ്പുകൾ’ തുടങ്ങി പതിനഞ്ചിലേറെ മലയാള ചിത്രങ്ങൾക്കു വേണ്ടിയും കൃഷ്ണമൂർത്തി പ്രവർത്തിച്ചിരുന്നു.
തഞ്ചാവൂരിനടുത്ത പൂംപുഹാറാണ് കൃഷ്ണമൂർത്തിയുടെ ജന്മനാട്. മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽനിന്ന് സ്വർണമെഡലോടെ വിജയിച്ച അദ്ദേഹം ജി.വി. അയ്യരുടെ ‘ഹംസഗീത’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് കലാസംവിധായകനാവുന്നത്. ലെനിൽ രാജേന്ദ്രന്റെ ‘സ്വാതിതിരുനാൾ’ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണമൂർത്തി മലയാളത്തിൽ എത്തിയത്. ജ്ഞാനരാജശേഖരൻ സംവിധാനംചെയ്ത ‘രാമാനുജൻ’ എന്ന ചിത്രത്തിലാണ് കൃഷ്ണമൂർത്തി ഒടുവിൽ പ്രവർത്തിച്ചത്.
കൃഷ്ണമൂർത്തിയ്ക്ക് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു.