ന്യൂഡൽഹി: തിയേറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കേണ്ടത് നിർബന്ധമല്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ദേശീയഗാനം കേൾപ്പിക്കണോ വേണ്ടയോ എന്നത് തിയേറ്റർ ഉടമകൾക്ക് തീരുമാനിക്കാം. സിനിമ തിയേറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു.

തിയേറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്ന് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഈ വിഷയത്തിൽ കൂടുതൽ തീരുമാനങ്ങളെുക്കാൻ കേന്ദ്രസർക്കാർ പന്ത്രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

2016 നവംബര്‍ 30നാണ് രാജ്യവ്യാപകമായി തിയേറ്ററുകളില്‍ സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം ആലപിക്കണം എന്നും എല്ലാവരും എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം എന്നും സുപ്രീംകോടതി വിധി വന്നത്.

തിയേറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്നു 2016 നവംബറിൽ നൽകിയ ഉത്തരവിനെതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജിയാണ് പരിഗണിച്ചത്.

ദേശീയ ഗാനവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിച്ചു റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ഡിസംബർ അഞ്ചിനു 12 പേരുടെ സമിതിയെ നിയോഗിച്ചെന്നു സർക്കാർ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി. ജൂൺ അഞ്ചിനകം റിപ്പോർട്ട് ലഭിക്കും. അതിന്റെ അടിസ്‌ഥാനത്തിൽ, ദേശീയ ചിഹ്‌നങ്ങളെ അവഹേളിക്കുന്നതു തടയാനുള്ള നിയമത്തിൽ മാറ്റം വരുത്തി ആവശ്യമായ മാർഗരേഖ പുറത്തിറക്കുമെന്ന് പറയുന്നു.

ചീഫ് ജസ്റ്റിസ്  ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച്‌ ഒക്ടോബറില്‍ “എന്തിനാണ് ജനങ്ങള്‍ അവരുടെ കുപ്പായകൈകളില്‍ ദേശസ്നേഹം പതിപ്പിക്കുന്നത്” എന്ന് കോടതി ആരാഞ്ഞിരുന്നു.

ദേശീയഗാനം 2016 ൽ നിർബന്ധമാക്കിയതിനെതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള ചലച്ചിത്ര അക്കാദമി കമലിനെതിരെ ബിജെപി ഉൾപ്പടെയുളള സംഘപരിവാർ സംഘടനകൾ നിലപാട് സ്വീകരിച്ചിരുന്നു. 2016 രാജ്യാന്തര ചലച്ചിത്രോത്സവത്തെ കലുഷിതമാക്കുന്ന തരത്തിലുളള പ്രസ്താവനകളും അന്നുണ്ടായി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook