ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്. പണിമുടക്ക് സ്വകാര്യമേഖല ബാങ്കുകളുടെ സേവനങ്ങളെയും ബാധിച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) വേതന വർധനവ് ആവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
അതേസമയം, സ്വകാര്യമേഖല ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്കുകൾ ഇന്നു പ്രവർത്തിക്കുന്നുണ്ട്. എസ്ബിഐ അടക്കമുളള നിരവധി ബാങ്കുകൾ പണിമുടക്ക് കാരണം ചില പ്രവർത്തനങ്ങൾ നിലയ്ക്കുമെന്ന് ഉപഭോക്താക്കളെ നേരത്തെ തന്നെ അറിയിച്ചിരുന്നു. പണനിക്ഷേപം, പിൻവലിക്കൽ, ചെക്ക് ക്ലിയറൻസ്, വായ്പ ഇടപാട് എന്നിവയെയൊക്കെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്.
Budget 2020 LIVE updates: പരിധി ഉയർത്തി, 5 ലക്ഷംവരെ ആദായനികുതി ഇല്ല
പൊതുമേഖല ബാങ്കുകളിലെയും ചില സ്വകാര്യ മേഖല ബാങ്കുകളിലെയും ജീവനക്കാരും ഉദ്യോഗസ്ഥരും അടക്കം 10 ലക്ഷത്തോളം പേർ പണിമുടക്കിൽ പങ്കെടുക്കുന്നുവെന്നാണ് യൂണിയനുകളുടെ അവകാശവാദം. 2017 നവംബർ മുതൽ ബാങ്ക് ജീവനക്കാരുടെ വേതന പരിഷ്കരണം മുടങ്ങിക്കിടക്കുകയാണ്. ചർച്ചയെ തുടർന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ 13.5 ശതമാനം ശമ്പള വർധനവ് മുന്നോട്ടുവച്ചുവെങ്കിലും യൂണിയനുകൾ അംഗീകരിക്കാൻ തയാറായില്ല.