scorecardresearch

'യുഗാന്ത്യം'; വാജ്‌പേയ്‌ക്ക് വിട ചൊല്ലി രാജ്യം

വാജ്പേയിയുടെ വിയോഗത്തില്‍ യുഗാന്ത്യം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്

വാജ്പേയിയുടെ വിയോഗത്തില്‍ യുഗാന്ത്യം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്

author-image
WebDesk
New Update
'യുഗാന്ത്യം'; വാജ്‌പേയ്‌ക്ക് വിട ചൊല്ലി രാജ്യം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാജ്‌പേയിയുടെ മരണം തനിക്ക് വ്യക്തിപരമായി തന്നെ ഏറെ വലിയ നഷ്ടമാണെന്നായിരുന്നു മോദിയുടെ പ്രതികരണം. ഇന്ന് വൈകിട്ടോടെയായിരുന്നു 93 കാരനായിരുന്ന വാജ്‌പേയിയുടെ അന്ത്യം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ചായിരുന്നു അന്ത്യം.

Advertisment

''പ്രിയങ്കരനായ അടല്‍ജിയുടെ വിയോഗത്തില്‍ ഇന്ത്യ ഒന്നാകെ വേദനിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമാണ്. രാജ്യത്തിന് വേണ്ടിയായിരുന്നു അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിനും ബിജെപി പ്രവര്‍ത്തകര്‍ക്കുമൊപ്പം ഞാനും അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു,'' മോദി ട്വിറ്ററില്‍ കുറിച്ചു.

Advertisment

ഇന്ത്യയുടെ വികസനത്തിനും സമൃദ്ധിയ്ക്കും അടത്തറയിട്ടത് വാജ്‌പേയ് ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ക്രാന്ത ദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ ഇന്ത്യനേയും ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നും മോദി ട്വീറ്റില്‍ പറയുന്നു. ബിജെപിയെ കെട്ടിപ്പടുത്തത് അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും കഠിനാധ്വനവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാജ്പേയ് യഥാര്‍ത്ഥ ഇന്ത്യനായിരുന്നുവെന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും അതികായനായ നേതാവായിരുന്നുവെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ഇത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 65 വര്‍ഷമായി തന്റെ അടുത്ത സുഹൃത്തായിരുന്നു വാജ്‌പേയ് എന്നും ഒരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല തനിക്ക് അദ്ദേഹമെന്നുമായിരുന്നു എൽ.കെ.അഡ്വാനിയുടെ പ്രതികരണം. തന്റെ വേദന വിവരിക്കാന്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷങ്ങളും എന്നും ഓര്‍ക്കുമെന്നും അഡ്വാനി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വാജ്‌പേയിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയ്ക്ക് മഹാനായ ഒരു മകനെ നഷ്ടമായെന്നും ഒരുപാട് പേര്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വാജ്‌പേയ് എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. അദ്ദേഹത്തെ എന്നും സ്മരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും വാജ്‌പേയിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. പ്രാസംഗികന്‍, കവി, പൊതു പ്രവര്‍ത്തകന്‍, പാര്‍ലമെന്റേറിയന്‍, പ്രധാനമന്ത്രി എന്നീ നിലകളിലെല്ലാം മഹത്തായ സേവനം അനുഷ്ടിച്ച വാജ്പേയിയുടെ മരണം ഏറെ ദുഃഖിപ്പിക്കുന്നതാണെന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞത്.

കഴിഞ്ഞ ഒമ്പത് ആഴ്ചയായി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ദിവസം വഷളാവുകയായിരുന്നു. പിന്നീട് മുപ്പത് മണിക്കൂറോളമായി ജീവന്‍ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ആര്‍എസ്എസ്സിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. ജനസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് അത് ബിജെപിയായപ്പോള്‍ അതിന്റെ ഭാഗമായി. ജനസംഘത്തിന്റെ സ്ഥാപകാംഗങ്ങളിലൊരായിരുന്നു. ബിജെപിയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു അദ്ദേഹം. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന സര്‍ക്കാരില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായിരുന്നു. നാല് ദശകത്തിലേറെക്കാലം ലോക്‌സഭയില്‍ ജനപ്രതിനിധിയായിരുന്നു. പത്ത് തവണ ലോക്‌സഭയിലും രണ്ട് തവണ രാജ്യസഭയിലും അദ്ദേഹം അംഗമായിരുന്നു.

രാഷ്ട്രീയത്തിലെന്നപോലെ സാഹിത്യത്തിലും അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നു. കവി, പ്രഭാഷകന്‍ എന്നീ നിലകളിലും വാജ്‌പേയ് ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rahul Gandhi Narendra Modi Atal Bihari Vajpayee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: