scorecardresearch
Latest News

ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്ര പിതാവിന് ആദരമര്‍പ്പിച്ച് രാജ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക് സഭ സ്പീക്കര്‍ ഓം ബിര്‍ള, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ തുടങ്ങി നിരവധി നേതാക്കള്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്തെത്തി പുഷ്പാര്‍ച്ചന നടത്തി

ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്ര പിതാവിന് ആദരമര്‍പ്പിച്ച് രാജ്യം
രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ ആദരമര്‍പ്പിക്കുന്നു Photo: Twitter/ President of India

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മവാര്‍ഷിക ദിനത്തില്‍ രാഷ്ട്ര പിതാവിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക് സഭ സ്പീക്കര്‍ ഓം ബിര്‍ള, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ തുടങ്ങി നിരവധി നേതാക്കള്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്തെത്തി പുഷ്പാര്‍ച്ചന നടത്തി.

“ഗാന്ധിജിയുടെ തത്വങ്ങള്‍ ഇന്നും ആഗോള തലത്തില്‍ പ്രസക്തിയുള്ളതും ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് അത് ശക്തി പകരുന്നതുമാണ്. ബാപ്പുവിനെ ഞാന്‍ നമിക്കുന്നു,” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

“രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ സമാധി സ്ഥലത്തെത്തി ആദരമര്‍പ്പിച്ചു, അദ്ദേഹത്തിന്റെ ചിന്തകള്‍ എന്നും നമ്മെ മുന്നോട്ട് നയിക്കും,” ഓം ബിര്‍ള ട്വിറ്ററില്‍ കുറിച്ചു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മഹാത്മാവിന് പുഷ്പചക്രം അര്‍പ്പിച്ചു. “വിദ്വേഷവും അക്രമവും ഇന്ന് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ശത്രുക്കളാണ്. സത്യവും അഹിംസയുമാണ് നമ്മെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നവരോട് പോരാടാനുള്ള ഏറ്റവും നല്ല ആയുധം,” കോൺഗ്രസ് ട്വീറ്റ് ചെയ്തു.

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇസ്റ്റ് ഫോര്‍ട്ടിലുള്ള ഗാന്ധി പാര്‍ക്കിലെത്തി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഗതാഗത മന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് എന്നിവരും ഗാന്ധി പാര്‍ക്കിലെത്തി ആദരമര്‍പ്പിച്ചു.

ജാതിചിന്തകൾക്കും വർഗീയതയ്ക്കും ജന്മിത്വചൂഷണത്തിനും ലിംഗപരമായ അസമത്വത്തിനും എല്ലാം എതിരെ പടപൊരുതി നേടേണ്ട, സർവരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജി മുറുകെപ്പിടിച്ച ദേശീയതയുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആ അടിത്തറയെ തകർക്കുന്ന ചില പ്രവണതകൾ നമുക്ക് ചുറ്റും വളരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിമോചനാത്‌മകമായ ദേശീയതയ്ക്ക് പകരം മനുഷ്യരെ ഭിന്നിപ്പിക്കുന്ന അക്രമാസക്തമായ വർഗീയതയിൽ ഊന്നുന്ന ഫാസിസ്റ്റ് ദേശസങ്കൽപം യഥാർഥ ദേശീയതയായി അവതരിപ്പിക്കപ്പെടുന്നു. മതത്തിൻ്റേയും ജാതിയുടേയും പേരിൽ ആളുകൾ അക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങൾ വളരുന്നു. ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്. ആ ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുമെന്ന് മഹാത്‌മാ ഗാന്ധിയുടെ ജന്മദിനത്തിൽ നമുക്ക് ഉറച്ചു തീരുമാനിക്കാം. ഒരുമിച്ച് നിന്നു നാടിൻ്റെ നന്മയ്ക്കും സമാധാനത്തിനുമായി പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: മതേതര വഴിയിലൂടെ വര്‍ഗീയ കേരളത്തിലേക്ക് എത്തുമോയെന്ന് ആശങ്ക; ന്യായീകരിച്ച് പാലാ ബിഷപ്പ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nation pays tribute to mahatma gandhi on his 152nd birth anniversary