ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പ്രഖാപനം നടത്തിയത്.

ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന്‍ ഭുപെന്‍ ഹസാരിക എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി ഭാരത രത്‌ന സമര്‍പ്പിക്കും.

പ്രണബ് മുഖര്‍ജിയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. ദശാബ്ദങ്ങളായി രാജ്യത്തിന് വേണ്ടി സ്വയമറന്ന് സേവനം ചെയ്ത വ്യക്തിയാണ് പ്രണബ് മുഖര്‍ജിയെന്നും രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന് ഭാരത രത്‌ന ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ 13-ാമത്തെ രാഷ്ട്രപതിയായിരുന്നു പ്രണബ് മുഖര്‍ജി. 1935 ഡിസംബര്‍ 11 ന് പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലായിരുന്നു ജനനം. പശ്ചിമ ബംഗാളില്‍ നിന്നും രാജ്യത്തിന്റെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയായിരുന്നു പ്രണബ് മുഖര്‍ജി.

രാജ്യസഭയിലേക്ക് പ്രണബ് മുഖര്‍ജി ആദ്യമെത്തിയത് 1969 ലായിരുന്നു. പിന്നീട് 1977 ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ലഭിച്ചു. 2004 ല്‍ ലോകസഭയിലെത്തി. 2008 ല്‍ രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍. 2009-12 കാലഘട്ടത്തില്‍ മന്‍മോഹന്‍ സിങ് മന്ത്രി സഭയിലെ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു പ്രണബ് മുഖര്‍ജി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook