ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. യമുനാ തീരത്തെ സ്മൃതിസ്ഥലിലാണ് വാജ്‌പേയിയുടെ മൃതസംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡെല്‍ഹി മഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. വളര്‍ത്തുമകള്‍ നമിത ഭട്ടാചാര്യയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മതപരമായ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരം.

രാവിലെ മുതല്‍ ബിജെപി ആസ്ഥാനത്ത് പൊതു ദര്‍ശനത്തിന് വെച്ചിരുന്ന മൃതദേഹത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപ യാത്രയായി സ്മൃതിസ്ഥലിലേക്ക് കൊണ്ടു വരികയായിരുന്നു. പാകിസ്ഥാനെ പ്രതിനിധീകരിച്ച് പാക് നിയമ മന്ത്രി അലി സഫര്‍ ബാജ്‌പേയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിട്ടുണ്ട്. ഭൂട്ടാന്‍ രാജാവ് ജിഗ്‌മേ ഖേസര്‍ നാമ് ഗെയില്‍ വാങ്ചുങും വാജ്‌പേയ്ക്ക് അന്ത്യാഞ്‌ലി അര്‍പ്പിച്ചു. ശ്രീലങ്കയില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള പ്രതിനിധികളും സ്മൃതിസ്ഥലില്‍ എത്തിയിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയ്ക്ക് ശേഷമായിരുന്നു മുന്‍ പ്രധാനമന്ത്രിയായ വാജ്‌പേയ് അന്തരിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് ഇതര വ്യക്തിയായിരുന്നു വാജ്‌പേയ്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന് രാജ്യം യാത്രാമൊഴി ചൊല്ലിയത്. അഞ്ചുമണിയോടെയായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹത്തെ അഗ്നിയ്ക്ക് സമര്‍പ്പിച്ചത്.

രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ദേശിയപതാക പാതിയോളം താഴ്ത്തികെട്ടിയിട്ടുണ്ട്.

ഇന്നലെയായിരുന്നു ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ പ്രധാനമന്ത്രി വിട ചൊല്ലിയത്. 93 വയസുകാരനായ അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വ്യഴാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മരണവാര്‍ത്തയറിഞ്ഞ് നിരവധി പ്രമുഖരാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്ക് എത്തിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള പ്രമുഖര്‍ ഇന്നലെ തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു.

ഇന്ന് രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ