scorecardresearch

തമിഴ്‌നാടിന്റെ അഭ്യര്‍ഥന ഫ്രാന്‍സ് കേട്ടു; 500 വര്‍ഷം പഴക്കമുള്ള നടരാജ വിഗ്രഹത്തിന്റെ ലേലം റദ്ദാക്കി

തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടി കയത്താറിലെ പുരാതന കോതണ്ഡ രാമേശ്വര ക്ഷേത്രത്തിൽനിന്നു മോഷ്ടിക്കപ്പെട്ട നടരാജവിഗ്രഹമാണു ലേലം ചെയ്യാനിരുന്നത്

തമിഴ്‌നാടിന്റെ അഭ്യര്‍ഥന ഫ്രാന്‍സ് കേട്ടു; 500 വര്‍ഷം പഴക്കമുള്ള നടരാജ വിഗ്രഹത്തിന്റെ ലേലം റദ്ദാക്കി

ചെന്നൈ: തമിഴ്നാട്ടിലെ കോവില്‍പട്ടിയില്‍നിന്ന് 1972-ല്‍ മോഷ്ടിക്കപ്പെട്ട 500 വര്‍ഷം പഴക്കമുള്ള നടരാജ വിഗ്രഹത്തിന്റെ ലേലം പാരീസിലെ ക്രിസ്റ്റീസ് ഡോട്ട് കോം എന്ന ലേലകേന്ദ്രം നിര്‍ത്തിവച്ചു. വിഷയം തമിഴ്‌നാട് പൊലീസ് ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്നാണിത്.

തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടി കയത്താറിലെ പുരാതന കോതണ്ഡ രാമേശ്വര ക്ഷേത്രത്തിലെ നടരാജവിഗ്രഹം രണ്ടു മുതല്‍ മൂന്നു ലക്ഷം യൂറോയ്ക്ക് ലേലം ചെയ്യുന്നതായി ക്രിസ്റ്റീസ് വെള്ളിയാഴ്ച വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടിസില്‍ പറഞ്ഞിരുന്നു.

ലേലനടപടി ശ്രദ്ധയില്‍പ്പെട്ട തമിഴ്നാട് പൊലീസിന്റെ വിഗ്രഹവിഭാഗം ഡിജിപി കെ ജയന്ത് മുരളി ഇതിനെതിരെ, സാംസ്‌കാരിക റാക്കറ്റിങ്ങിനെതിരെ അന്താരാഷ്ട്ര കാമ്പെയ്ന്‍ നടത്തുന്ന ‘ആന്റക്വിറ്റീസ് കോഹ്‌ലിഷന്‍’ എന്ന സംഘടനയെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെയും ടാഗ് ചെയ്തുകൊണ്ട് 13 നു ട്വീറ്റ് ചെയ്തു.

”ഫ്രാന്‍സ്. ലേലം നിര്‍ത്തുക. അതു ഞങ്ങള്‍ക്ക് തിരികെ നല്‍കുക. ഇത് ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ശ്രീ കോദണ്ഡരാമേശ്വര ശിവക്ഷേത്രത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ട വിഗ്രഹമാണ്. തെളിവുണ്ട്,” എന്നായിരുന്നു ട്വീറ്റ്.

ഇതിനുപിന്നാലെ ഡി ജി പി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വഴി രേഖാപരമായ തെളിവുകള്‍ അയച്ചുനല്‍കി. ”ഒടുവില്‍, ലേലം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഗ്രഹം തമിഴ്നാട്ടില്‍നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നു ക്രിസ്റ്റീസ് ഡോട്ട് കോം മനസിലാക്കി. നോട്ടിസ് പിന്‍വലിച്ചു,” പൊലീസിന്റ വിഗ്രഹവിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

”ഞങ്ങളുടെ ശബ്ദം കേട്ടു. ഇന്ത്യയില്‍നിന്ന് മോഷ്ടിച്ച നടരാജ വിഗ്രഹത്തിന്റെ ലേലം ക്രിസ്റ്റീസ് ഡോട്ട് കോം പിന്‍വലിച്ചു. ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ജാവേദ് അഷ്‌റഫ് എന്നെ അറിയിച്ചു. ലേലം നിര്‍ത്തിയതിനു ജാവേദ് അഷ്റഫ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കേന്ദ്ര സര്‍ക്കാര്‍, തമിഴ്‌നാട് സര്‍ക്കാര്‍, കലാപ്രേമിയായ വിജയ് കുമാര്‍ എന്നിവര്‍ക്കും എന്റെ ടീമിനും നന്ദി,” ജയന്ത് മുരളി ട്വീറ്റില്‍ പറഞ്ഞു.

15-16 നൂറ്റാണ്ടില്‍ നിലനിന്ന വിജയനഗര കാലഘട്ടത്തിലേതാണ് ഈ വെങ്കല വിഗ്രഹമെന്നാണു വിഗ്രഹവിഭാഗം സിഐഡി പറയുന്നത്. വിഗ്രഹം തമിഴ്‌നാട്ടിലേക്കു തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nataraj idol paris auction tamil nadu