ന്യൂഡൽഹി: ബുലന്ദ്ഷഹർ കൊലപപാതക കേസിൽ പ്രതികരിച്ച നടൻ നസറുദ്ദീൻ ഷായ്ക്ക് എതിരെ പ്രതിഷേധം ശക്തം. ഇതേ തുടർന്ന് അജ്മീറിൽ അദ്ദേഹം പങ്കെടുക്കാനിരുന്ന പരിപാടി സാഹിത്യോത്സവ സമിതി റദ്ദാക്കി. ഗോസംരക്ഷകർ കല്ലെറിഞ്ഞതിനെ തുടർന്നാണ് ഇത്.  പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെക്കാൾ വില പശുവിന്റെ മരണത്തിനാണെന്ന വിമർശനമാണ് നസറുദ്ദീൻ ഷാ ഇന്നലെ ഉയർത്തിയത്.

പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ പിന്തുടര്‍ന്നു വെടിവച്ചു കൊന്ന സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അജ്മീർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യപ്രഭാഷണം നടത്തേണ്ടിയിരുന്നത് നസറുദ്ദീൻ ഷാ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30 നായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. ഇതിനായി ഷാ 11.30 യ്ക്ക് അജ്മീറിലെത്തി. താൻ പഠിച്ച സ്കൂളിലേക്കായിരുന്നു അദ്ദേഹം നേരെ പോയത്.

ഈ സമയത്ത് അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദിക്ക് നേരെ ഒരു സംഘം കല്ലെറിഞ്ഞു. ഷായെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമികൾ കല്ലെറിഞ്ഞത്. പരിപാടി റദ്ദാക്കിയ സംഘാടകർ നടൻ നസീറുദ്ദീൻ ഷായുടെ സുരക്ഷയെ കരുതിയാണ് പരിപാടി പിൻവലിച്ചതെന്ന് അറിയിച്ചു.

സ്കൂളിൽ സന്ദർശനം നടത്തിയ ശേഷം തന്റെ പ്രസ്താവനയെ വീണ്ടും നസീറുദ്ദീൻ ഷാ ശരിവച്ചു. ആശങ്കാകുലനായ ഇന്ത്യാക്കാരൻ എന്ന നിലയിലാണ് താൻ പ്രതികരിച്ചത്. അത് തന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു. “ഞാനിത് മുൻപും പറഞ്ഞിട്ടുളളത്. ഇപ്പോഴിത് പറഞ്ഞപ്പോൾ എന്നെ ചതിയനായി ആളുകൾ കാണുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശുക്കളെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് നടന്ന കലാപത്തിലാണ് ഉത്തപ്രദേശിലെ ബുലന്ദ്ഷെഹർ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്. ഡിസംബര്‍ മൂന്നിനാണ് സംഭവം നടന്നത്. സംഭവത്തില്‍ അഞ്ച് പേര്‍ ഇതോടകം അറസ്റ്റിലായി. പ്രധാന പ്രതി ഒളിവിലാണ്.

കാർവാൻ-ഇ മൊഹബത്ത് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വിമർശിച്ചത്. യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, “എനിക്ക് വല്ലാത്ത ആശങ്കയുണ്ട് എന്റെ കുട്ടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍,” എന്നാണ്. “കാരണം, നാളെ ഒരു ആള്‍ക്കൂട്ടം വളഞ്ഞിട്ട് അവരോട് ‘ഹിന്ദുവാണോ മുസ്‌ലിം ആണോ’ എന്നു ചോദിച്ചാല്‍ അവര്‍ക്ക് പറയാന്‍ ഒരു ഉത്തരമില്ല. അവസ്ഥകളില്‍ ഒരു മാറ്റവുമില്ലെന്നു കാണുമ്പോള്‍ എനിക്ക് ഭയമുണ്ട്.” നിലവിലെ അവസ്ഥകള്‍ കാണുമ്പോള്‍ ദേഷ്യം വരുന്നുണ്ടെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.

“ചിന്തിക്കുന്ന ഓരോ വ്യക്തിയ്ക്കും ദേഷ്യമാണ് തോന്നേണ്ടത്, ഭയമല്ല. ഇത് നമ്മുടെ വീടാണ്. ഇവിടെ നിന്നും നമ്മെ പുറത്താക്കാന്‍ ആര്‍ക്കാണ് ധൈര്യം?” അദ്ദേഹം ചോദിച്ചു.  “എനിക്കെന്റെ മക്കളെ കുറിച്ചോര്‍ക്കുമ്പോള്‍ ഭയമുണ്ട്. അവര്‍ക്ക് മതമില്ല. എനിക്ക് മത വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. എന്റെ ഭാര്യ രത്‌ന വളരെ സ്വതന്ത്രമായൊരു പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. അവര്‍ക്ക് അതും ലഭിച്ചിട്ടില്ല.”

“ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെക്കാള്‍ പ്രാധാന്യമാണ് പശുവിന്റെ മരണത്തിന്. ഈ അവസ്ഥ അടുത്ത കാലത്തൊന്നും മാറുമെന്നും പ്രതീക്ഷിക്കുന്നില്ല. നിയമം കൈയ്യിലെടുക്കുന്നവർ ശിക്ഷിക്കപ്പെടുമെന്ന ഭീതിയില്ലാത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. വിഷം ഇതോടകം വ്യാപിച്ചു കഴിഞ്ഞു. അതിനി തിരിച്ചെടുക്കുക എന്നത് ബുദ്ധിമുട്ടാണ്. നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് ശിക്ഷിക്കപ്പെടും എന്ന പേടിയേ ഇല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ