/indian-express-malayalam/media/media_files/uploads/2018/12/zero-kms-director-q-naseeruddin-shah-759.jpeg)
ന്യൂഡല്‍ഹി: ബുലന്ദ്ഷഹര്‍ കലാപത്തില്‍ നിലപാട് വ്യക്തമാക്കി പ്രമുഖ ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ. 'ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെക്കാള്‍ പ്രാധാന്യമാണ് പശുവിന്റെ മരണത്തിന്. ഈ അവസ്ഥ അടുത്ത കാലത്തൊന്നും മാറുമെന്നും പ്രതീക്ഷിക്കുന്നില്ല,' പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ പിന്തുടര്‍ന്നു വെടിവച്ചു കൊന്ന സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിയമം കൈയ്യിലെടുക്കുന്നവർ ശിക്ഷിക്കപ്പെടുമെന്ന ഭീതിയില്ലാത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "വിഷം ഇതോടകം വ്യാപിച്ചു കഴിഞ്ഞു. അതിനി തിരിച്ചെടുക്കുക എന്നത് ബുദ്ധിമുട്ടാണ്. നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് ശിക്ഷിക്കപ്പെടും എന്ന പേടിയേ ഇല്ല," നസറുദ്ദീന്‍ ഷാ വ്യക്തമാക്കി.
മതത്തെക്കുറിച്ച് ചോദിച്ചാല്‍ തന്റെ മക്കളുടെ പ്രതികരണം എന്താകും എന്നോര്‍ക്കുമ്പോള്‍ പേടി തോന്നുന്നുണ്ടെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.
"എനിക്കെന്റെ മക്കളെ കുറിച്ചോര്‍ക്കുമ്പോള്‍ ഭയമുണ്ട്. അവര്‍ക്ക് മതമില്ല. എനിക്ക് മത വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. എന്റെ ഭാര്യ രത്‌ന വളരെ സ്വതന്ത്രമായൊരു പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. അവര്‍ക്ക് അതും ലഭിച്ചിട്ടില്ല."
"എനിക്ക് വല്ലാത്ത ആശങ്കയുണ്ട് എന്റെ കുട്ടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍. കാരണം നാളെ ഒരു ആള്‍ക്കൂട്ടം വളഞ്ഞിട്ട് അവരോട് 'ഹിന്ദുവാണോ മുസ്‌ലിം ആണോ' എന്നു ചോദിച്ചാല്‍ അവര്‍ക്ക് പറയാന്‍ ഒരു ഉത്തരമില്ല. അവസ്ഥകളില്‍ ഒരു മാറ്റവുമില്ലെന്നു കാണുമ്പോള്‍ എനിക്ക് ഭയമുണ്ട്." നിലവിലെ അവസ്ഥകള്‍ കാണുമ്പോള്‍ ദേഷ്യം വരുന്നുണ്ടെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. "ചിന്തിക്കുന്ന ഓരോ വ്യക്തിയ്ക്കും ദേഷ്യമാണ് തോന്നേണ്ടത്, ഭയമല്ല. ഇത് നമ്മുടെ വീടാണ്. ഇവിടെ നിന്നും നമ്മെ പുറത്താക്കാന്‍ ആര്‍ക്കാണ് ധൈര്യം?" അദ്ദേഹം ചോദിച്ചു.
പശുക്കളെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് നടന്ന കലാപത്തിലാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്. ഡിസംബര്‍ മൂന്നിനാണ് സംഭവം നടന്നത്. സംഭവത്തില്‍ അഞ്ച് പേര്‍ ഇതോടകം അറസ്റ്റിലായി. പ്രധാന പ്രതി ഒളിവിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.