ന്യൂയോർക്ക്: ഈ നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രളയമാണ് കേരളത്തില്‍ സംഭവിച്ചതെന്ന് അമേരിക്കയിലെ നാഷണല്‍ ഏറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) എര്‍ത്ത് ഒബ്സര്‍വേറ്ററി പറയുന്നു. നാസയുടെ തന്നെ ‘ഗ്ലോബല്‍ പ്രസിപ്പിറ്റേഷന്‍ മെഷര്‍മെന്റ് മിഷന് കോര്‍ സാറ്റലൈറ്റ്’ ആയ ജിപിഎം പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രങ്ങളുടെ വീഡിയോയും അവര്‍ പുറത്തു വിട്ടിട്ടുണ്ട്. നാസയും ജപ്പാന് ഏറോസ്പേസ് ഏജന്‍സിയായ ജാക്സായും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ജിപിഎം. ഓഗസ്റ്റ് 13 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പെയ്ത മഴയുടെ വിവരങ്ങളാണ് രണ്ടു ബാന്‍ഡുകളിലായുള്ള വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പൊതുവായ മണ്‍സൂണ്‍ സര്‍ക്കുലേഷന്‍ രേഖപ്പെടുത്തുന്ന ആദ്യ ബാന്‍ഡ് വിസ്താരമുള്ളതും വടക്കന്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതുമാണ്. ആഴ്ചയില്‍ 5 (പെനിന്‍സുലയുടെ പടിഞ്ഞാറ് ഭാഗത്തേക്കും) മുതല്‍ 14 ഇഞ്ച് വരെ (ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്ക് ഭാഗത്തേക്കും) മഴ പെയ്തതായി കാണുന്നു.
കുറെയും കൂടി തീവ്രമായ രണ്ടാം ബാന്‍ഡ്, ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് തീരപ്രദേശത്തേക്ക് ചേര്‍ന്ന് നില്‍ക്കുന്നതാണ്. പൊതുവായ മണ്‍സൂണ്‍ മഴയുടെ കൂട്ടത്തില്‍ ന്യൂനമര്‍ദ്ദവും കൂടി ചേര്‍ന്ന് പശ്ചിമഘട്ടത്തില്‍ നിന്നുള്ള ഒഴുക്ക് കൂടാനും ഇത് കാരണമായി. ആഴ്ചയില്‍ 10 മുതല്‍ 16 ഇഞ്ച് വരെ മഴ പെയ്തതായി രണ്ടാം ബാന്‍ഡില്‍ രേഖപ്പെടുത്തുന്നു. രണ്ടാം ബാന്‍ഡിലെ ഏറ്റവും കൂടിയ ഡാറ്റ 18.5 ഇഞ്ച് ആണ് എന്ന് നാസ പറയുന്നു.
സൗത്ത് വെസ്റ്റ് മണ്‍സൂണ്‍ സര്‍ക്കുലേഷന്റെ ഭാഗമായി വടക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും അറബിക്കടലില്‍ നിന്നും ഉയരുന്ന ജലാംശം ഉള്ള വായുവിനെ പശ്ചിമഘട്ടത്തിലെ 2,000ത്തോളം വരുന്ന മലനിരകള്‍ തടഞ്ഞു നിര്‍ത്തുന്നതും കൂടുതലായി പെയ്ത മഴയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളം കണ്ട വലിയ വിപത്തുകളില്‍ ഒന്നായ വെള്ളപ്പൊക്കത്തിലേക്ക് നയിച്ച ഈ മഴ, ഈ വര്‍ഷത്തെ മണ്‍സൂണിലെ ‘ഹൈ പ്രിസിപിറ്റേഷൻ ഇവന്റു’കളില്‍ ഒന്ന് മാത്രമാണ് എന്ന് നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററി വിലയിരുത്തുന്നു.
ഇവര്‍ പുറത്തു വിട്ടിരിക്കുന്ന വീഡിയോയില്‍ ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 18 വരെ പെയ്ത മഴയുടെ രേഖപ്പെടുത്തലാണ് ഉള്ളത്. ജൂലൈ 20ന് കൂടിയ മഴ ഓഗസ്റ്റ് 8 നും 16നുമിടയില്‍ അതിതീവ്രമായി. ജൂണ്‍ മാസം തുടക്കം മുതല്‍ തന്നെ സാധാരണയില്‍ നിന്നും 42 ശതമാനം കൂടുതല്‍ മഴ പെയ്തതായും ഓഗസ്റ്റ് മാസം ആദ്യ 20 ദിവസങ്ങളില്‍ സാധാരണയില്‍ നിന്നും 164 ശതമാനം വര്‍ധിച്ച മഴ പെയ്തതായും നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററി രേഖപ്പെടുത്തുന്നു.
ഓഗസ്റ്റ് മാസം പെയ്ത കനത്ത മഴയാണ് ഈ നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനു കാരണമായതെങ്കിലും ഡാമുകളില്‍ നിന്നും വെള്ളം തുറന്നു വിട്ടത് അതിനു ആക്കം കൂട്ടി. ‘ഡ്രൈ’ സമയങ്ങളില്‍ ക്രമാനുഗതമായി വെള്ളം തുറന്നു വിടുന്നതിനു പകരം പ്രദേശത്തെ 80 ഡാമുകള്‍ (ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ആയ ഇടുക്കി ഡാം ഉള്‍പ്പടെ) തുറന്നു വിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. 80 ഡാമുകളില്‍ 35 എണ്ണം ആദ്യമായാണ് തുറക്കുന്നത്.
“ഡാമുകള്‍ തുറന്നത് വളരെ വൈകിയാണ്, അതും തീവ്രമായി മഴ പെയ്യുന്നതിനോടൊപ്പം”, നാസയിലെ ഗോദ്ദര്ദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ റിസര്‍ച്ച് സയന്റ്റിസ്റ്റ് ആയ സുജയ് കുമാര്‍ പറഞ്ഞു.
ചിത്രം, വീഡിയോ കടപ്പാട്: നാസ എര്‍ത്ത് ഒബ്സര്‍വേറ്ററി