ന്യൂഡല്‍ഹി: പ്രമുഖ ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായിരുന്ന എപിജെ അബ്ദുല്‍ കലാമിന് ആദരസൂചകമായി പുതിതായി കണ്ടെത്തിയ അണുജീവിക്ക് നാസ കലാമിന്റെ പേര് നല്കി. ഭൂമിയില്‍ ഇത് വരെയും കണ്ടെത്താതിരുന്ന ബാക്ടീരിയയെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലാണ് നാസയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
നാസയുടെ കീഴിലുള്ള പ്രധാനപ്പെട്ട ലബോറട്ടറിയായ ജെറ്റ് പ്രോപ്പല്ഷ്യനിലെ ശാസ്ത്രജ്ഞരാണ് പുതിയ ബാക്ടീരിയയെ കണ്ടെത്തിയത്. സോലിബസില്ലസ് കലാമി (Solibacillus Kalamii) എന്നാണ് കലാമിനെ ആദരിച്ച് ബാക്ടീരിയയ്ക്ക് പേര് നല്‍കിയത്. ജനകീയനായ രാഷ്ട്രപതി, രാജ്യത്തെ ബഹിരാകാശ യുഗത്തിലേക്ക് നയിച്ച ശാസ്ത്രജ്ഞന്, സ്വപ്ന ദര്‍ശിയായ രാജ്യസ്നേഹി, ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ രാഷ്ട്രശില്പി, വിജ്ഞാനകുതുകികളായ കുട്ടികളെ സ്നേഹിച്ച അധ്യാപകന്, പ്രതിഭാധനനായ എഴുത്തുകാരന്, ലാളിത്യത്തിന്റെയും ജ്ഞാനജീവിതത്തിന്റെയും ഉപാസകന് ഇവയെല്ലാം ഒന്നിച്ച് ചേര്‍ന്ന അതുല്യപ്രതിഭയായിരുന്നു അദ്ദേഹം.
1963ല്‍ നാസ സന്ദര്‍ശനവും പരിശീലനവും കഴിഞ്ഞ ശേഷമാണ് വിക്രം സാരാഭായ് കലാമിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് തുമ്പയില്‍ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചത്. അരനൂറ്റാണ്ടിനു മുമ്പ് പരിമിതികളുടെ പള്ളിമുറിയില്നിന്നാണ് കലാം റോക്കറ്റ് നിര്‍മാണ പരീക്ഷണത്തിലേര്‍പ്പെടുന്നത്. യന്ത്രഭാഗങ്ങള്‍ കൊണ്ട്പോകാന്‍ സൈക്കിളും കാളവണ്ടിയും ഉപയോഗിക്കേണ്ടിവന്ന അക്കാലത്തും കലാം അതിരുകളില്ലാതെ വളരുന്ന ഇന്ത്യ സ്വപ്നം കണ്ടു.
അവിടെ നിന്നാണ് ആദ്യ റോക്കറ്റായ നെക് – അപാഷെയ്ക്ക് തുടക്കം കുറിച്ചത്. 1963 നവമ്പറില്‍ അപാഷെ കുതിച്ചുയര്‍ന്നു. ഭാരതത്തിന്റെ ‘മിസൈല്‍ മാനി’ലേക്കുള്ള കലാമിന്റെ കുതിപ്പിന് തുടക്കമായതും അവിടെയായിരുന്നു.