വാഷിങ്ടൺ: സൂര്യനിലേക്കുളള ചരിത്ര ദൗത്യത്തിന് ഒരുങ്ങുകയാണ് നാസ. അടുത്ത വർഷം യന്ത്രമനുഷ്യനെ ബഹിരാകാശ പേടകത്തിൽ സൂര്യനിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നാസയിൽ ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഗോഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിൽ നാസയുടെ റിസർച്ച് സയന്റിസ്റ്റായ എറിക് ക്രിസ്റ്റ്യനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “ഇത് ഞങ്ങളുടെ ആദ്യത്തെ സൂര്യനിലേക്കുള്ള പര്യവേഷണമായിരിക്കും. സൂര്യനിലേക്ക് എത്താൻ സാധിക്കില്ലെന്ന് ഉറപ്പുണ്ട്. എങ്കിലും പ്രധാനമായും മൂന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ദൗത്യത്തിലൂടെ തിരയുന്നത്” അദ്ദേഹം പറഞ്ഞു.

സൂര്യന്റെ ഉപരിതലത്തിലുള്ള ഫോട്ടോസ്ഫിയറിൽ എന്തുകൊണ്ട് ചൂട് കുറവ് അനുഭവപ്പെടുന്നുവെന്നതാണ് ആദ്യത്തെ ചോദ്യം.  ഫോട്ടോസ് ഫിയറിൽ വെറും 5500 ഡിഗ്രി സെൽഷ്യസ് മാത്രം ചൂട് ഇരിക്കെ, ഇതിന് മുകളിലുള്ള ഭാഗത്ത് രണ്ട് ദശലക്ഷം ഡിഗ്രി സെൽഷ്യസ് ചൂടാണുളളത്.

പ്രതലത്തിൽ ചൂട് കുറവായിരിക്കെ അതിന് ചുറ്റിലും അതിനേക്കാൾ വളരെയധികം ചൂട് അനുഭവപ്പെടാനുള്ള കാരണം ശാസ്ത്രലോകത്തിനും ഇന്നും ദുരൂഹമാണ്. സൂര്യോപരിതലത്തിൽ കാറ്റിന് വേഗം നിർണയിക്കുന്നത് എന്താണെന്നും നാസ അന്വേഷിക്കുന്നതായി ലൈവ് സയൻസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇടയ്ക്ക് സൂര്യൻ ചൂട് കൂടുതൽ പുറന്തള്ളുന്നതിന് പിന്നിലെ കാരണവും നാസ തിരയുന്നുണ്ട്. പ്രത്യേക പേടകത്തിന് ചുറ്റും 11.4 സെന്റിമീറ്റർ കനത്തിൽ കാർബൺ ഷീൽഡ് വച്ചിട്ടുണ്ട്. ഇത് 1376 ഡിഗ്രി സെൽഷ്യസ് വരെ ചൂട് താങ്ങുമെന്നാണ് കരുതപ്പെടുന്നത്. പേടകത്തിന് അകത്തും ചൂട് നിയന്ത്രിക്കുന്നതിന് ആവശ്യമായ റേഡിയേറ്ററുകൾ സ്ഥാപിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook