വാഷിംഗ്ടണ്‍: അന്യഗ്രഹ ജീവികളെ കുറിച്ചുളള അഭ്യൂഹങ്ങളും സങ്കല്‍പ്പങ്ങള്‍ക്കും തുടക്കമായിട്ട് നൂറ്റാണ്ടുകളായി. ഭയവും ഒപ്പം കൗതുകവും പകര്‍ന്ന് ആര്‍ക്കും പിടിതരാതെ പറക്കും തളികകളും അന്യഗ്രഹജീവികളും ഭൂമിക്ക് മുകളില്‍ വിഹരിക്കുന്നുണ്ടെന്നാണ് ശാസ്ത്രത്തിന്റെ പക്ഷം. ഇത് മുന്നില്‍ കണ്ട് തന്നെയാണ് കാലങ്ങളായി അന്യഗ്രഹജീവികളുടെ ഭീഷണിയെ മറികടക്കാനുളള പോംവഴികള്‍ തേടി ശാസ്ത്രജ്ഞന്മാര്‍ പഠനങ്ങളിലും പരീക്ഷണങ്ങളിലും മുഴുകിയിരിക്കുന്നത്.

ഇതിനിടെയാണ് അന്യഗ്രഹജീവികളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കാനുളള പദ്ധതികള്‍ക്ക് നാസ തുടക്കമിടുന്നത്. ഇതിനായി ജോലിക്കാരേയും നാസ തേടുന്നുണ്ട്. അന്യഗ്രഹജീവികളില്‍ നിന്നും ഭൂമിയെ രക്ഷിക്കാനായി ലക്ഷങ്ങളാണ് നാസ ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്. പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ സ്ഥാനത്തേക്കാണ് പ്രവേശനമെന്നാണ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനോടൊപ്പം പരീക്ഷണങ്ങള്‍ക്കായി മറ്റ് ഗ്രഹങ്ങളെ മലിനമാക്കുന്നില്ലെന്നും ഉറപ്പ് വരുത്തണം. നിരന്തരമായ ബഹിരാകാശ യാത്ര ആവശ്യപ്പെടുന്ന ജോലിയ്ക്ക് വര്‍ഷത്തില്‍ 1,87,000 ഡോളര്‍ (ഏകദേശം 1 കോടി 20 ലക്ഷം രൂപ) ആണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. ജോലിക്ക് അപേക്ഷിക്കാന്‍ ചില യോഗ്യതകളും നാസ മുന്നോട്ട് വെക്കുന്നുണ്ട്. ഫിസിക്കല്‍ സയന്‍സിലോ, എഞ്ചിനീയറിംഗിലോ കണക്കിലോ ബിരുദം ഉണ്ടായിരിക്കണം. കൂടാതെ ഒരു വര്‍ഷം ഗവണ്‍മെന്റ് ജോലി ചെയ്തവരും ആയിരിക്കണം.

1967ല്‍ 107 രാജ്യങ്ങള്‍ ഒപ്പുവെച്ച ബഹിരാകാശ ഉടമ്പടി പ്രകാരം അന്യഗ്രഹജീവികളില്‍ നിന്നും ഭൂമിയെ രക്ഷിക്കുക എന്ന ആശയത്തിന്റെ ഭാഗമായാണ് നാസയുടെ പദ്ധതി. മൂന്ന് വര്‍ഷമാണ് ജോലിയുടെ കാലയളവ് എങ്കിലും അഞ്ച് വര്‍ഷം വരെ ഇത് നീട്ടാം. നാസയുടെ വരുംകാലത്തെ ബഹിരാകാശ പദ്ധതികളുടെ ഭാഗമാകാനും കഴിയും. 2020ല്‍ നാസയുടെ വ്യാഴഗ്രഹത്തിലേക്കുളള ദൗത്യത്തിലും ഭാഗമാകാനുളള അവസരമുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ