കൊച്ചി: നാസ 2021 ലെ ബഹിരാകാശയാത്രികരുടെ കാൻഡിഡേറ്റ് ക്ലാസ് പ്രഖ്യാപിച്ചു, അവരെയാണ് നാസയുടെ ഭാവി ദൗത്യങ്ങൾക്കായി പരിശീലിപ്പിക്കുക. 2022 ജനുവരിയിൽ ചേരുന്ന പുതിയ റിക്രൂട്ട്‌മെന്റിൽ സ്‌പേസ് എക്സിന്റെ ആദ്യത്തെ ഫ്ലൈറ്റ് സർജനായ ഇന്ത്യൻ വംശജനായ ഡോ. അനിൽ മേനോൻ ഉൾപ്പെടുന്നു.
മിനസോട്ടയിലെ മിനിയാപൊളിസിൽ യുക്രേനിയൻ, മലയാളി കുടിയേറ്റക്കാരുടെ മകനായി ജനിച്ച് വളർന്ന ഡോ. അനിൽ മേനോൻ ന്യൂറോബയോളജിയിൽ ബിരുദവും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. എമർജൻസി മെഡിസിനിൽ ഡോക്‌ടർ ഓഫ് മെഡിസിനും എയ്‌റോസ്‌പേസ് മെഡിസിനിലും ബിരുദങ്ങൾ നേടിയിട്ടുണ്ട്.
നാസയിൽ 2014-ൽ ഫ്ലൈറ്റ് സർജനായി ചേർന്ന ഡോ. അനിൽ 2018-ൽ സ്‌പേസ് എക്‌സിലേക്ക് മാറി അവിടെ ലീഡ് ഫ്ലൈറ്റ് സർജനായി സേവനമനുഷ്ഠിച്ചു.
ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ, എയ്‌റോസ്‌പേസ് മെഡിസിൻ ഡോക്ടർ എന്ന് വിളിക്കപ്പെടാൻ ഇഷ്ടപ്പെടുന്ന ഡോ.അനിൽ മേനോൻ, ഇന്ത്യൻ ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും ബഹിരാകാശ വൈദ്യശാസ്ത്രത്തിന്റെ ഭാവിയെക്കുറിച്ചും സ്‌പേസ് എക്‌സിലെ തന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
12,000-ലധികം അപേക്ഷകരിൽ നിന്നാണ് നിങ്ങളെ തിരഞ്ഞെടുത്തത്. ഈ വാർത്ത നിങ്ങളെ അത്ഭുതപ്പെടുത്തിയോ?
ഇത് വലിയൊരു അത്ഭുതമായിരുന്നു., അത്ഭുതങ്ങൾ നല്ലതാണ്. 10 ജോലിക്കായി 12,000 പേർ അപേക്ഷിക്കുന്നു. തീർച്ചയായും, അതിൽ യോഗ്യതയുള്ള ധാരാളം ആളുകൾ ഉണ്ടാകും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഒരിക്കലും ആത്മവിശ്വാസമുണ്ടാകില്ല. അതിനാൽ, ഈ അവസരത്തിൽ ഞാൻ വളരെ വികാരവിക്ഷുബ്ധനും ആഹ്ലാദവാനും അനന്ദനിർവൃതിയിലുമായിരുന്നു.
കാലിഫോർണിയയിലായിരുന്നപ്പോൾ, ഒരു കോൾ ലഭിച്ചു, ആ സമയത്ത് ഞാൻ സ്പേസ് എക്സിൽ ജോലി ചെയ്തിരുന്നതിനാൽ ആ വ്യക്തി ഡ്രാഗൺ ക്യാപ്‌സ്യൂളിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. അതൊരു ബിസിനസ്സ് കോളാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പാതിവഴിയിൽ അതൊരു തമാശയായി മാറി. ബഹിരാകാശയാത്രികരുടെ ഓഫീസ് മേധാവി പറഞ്ഞു, “ഞാൻ തമാശ പറയുകയാണ്, നിങ്ങൾക്ക് ഒരു ബഹിരാകാശയാത്രികനാകാൻ ആഗ്രഹമുണ്ടോ?” “എന്നെ അതിൽ ഉൾപ്പെടുത്തണം,” എന്ന് ഞാൻ പറഞ്ഞു. ആ നിമിഷം, എന്റെ ഭാര്യ മുറിയിലേക്ക് കടന്നുവന്നു, എന്നിട്ട് കരയാൻ തുടങ്ങി. കാരണം എന്റെ മുഖത്തെ സന്തോഷം ഭാര്യക്ക് കാണാമായിരുന്നു. അതിനാൽ ഞങ്ങൾ രണ്ടുപേർക്കും അതൊരു മഹത്തായ നിമിഷമായിരുന്നു.
നിങ്ങൾ എന്തിനാണ് മെഡിസിനും എഞ്ചിനീയറിങ്ങും പഠിച്ചത്?
ബഹിരാകാശത്തെയും നാസയിലെ ജോലിയിലും ചില ശാസ്ത്രങ്ങളുമായി എഞ്ചിനീയറിങ് സംയോജിപ്പിക്കുന്നത് ശരിക്കും നല്ലതാണെന്ന് ഞാൻ കരുതുന്നു. അതിനാൽ ഡ്രാഗൺ വാഹനത്തിന്, എഞ്ചിനീയറിങ്ങുമായി ബന്ധപ്പെട്ട നിരവധി ഇടപെടലുകൾ ആവശ്യമാണ്. മാത്രമല്ല. അതിനൊപ്പം മെഡിക്കൽ സമീപനങ്ങളും ആവശ്യമാണ്. ഉദാഹരണത്തിന്, ആരോഗ്യ സ്ഥിരത സംവിധാനത്തിൽ, നിങ്ങൾ ഓക്സിജന്റെ ശതമാനവും അത്തരം മറ്റ് മാനദണ്ഡങ്ങളും അറിയേണ്ടതുണ്ട്. അതിനാൽ എഞ്ചിനീയർമാരുടെയും ഡോക്ടർമാരുടെയും ഭാഷ അറിയേണ്ടത് പ്രധാനമാണ്.
നിങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ക്രൂ ഫ്ലൈറ്റ് സർജൻ ആയിന്നല്ലോ? ആ റോൾ എങ്ങനെയായിരുന്നു?
ബഹിരാകാശ യാത്രയിൽ ബഹിരാകാശയാത്രികരെ പരിപാലിക്കുന്ന ഒരു ഡോക്ടറാണ് ക്രൂ ഫ്ലൈറ്റ് സർജൻ. അവിടെയായിരിക്കുമ്പോൾ, ഞാൻ ഇപ്പോൾ നിങ്ങളോട് എങ്ങനെ വീഡിയോ കോളിലൂടെ സംസാരിക്കുന്നുവോ അതുപോലെ അവരോടും സംസാരിക്കും. അവർ ബഹിരാകാശത്തും ഞാൻ ഭൂമിയിലുമാണ്. അവർക്ക് വയറുവേദന അനുഭവപ്പെടുകയോ ദേഹത്ത് തിണര്‍പ്പ് വരികയോ ചെയ്താൽ, അടുത്തെങ്ങും ഒരു ഡോക്ടർ ഇല്ല. അപ്പോൾ ഞാൻ സഹായിക്കുന്നു.
അപ്പോൾ നിങ്ങൾ ഒരു ബഹിരാകാശ ഡോക്ടറാണോ?
ബഹിരാകാശത്ത് ആളുകളെ പരിപാലിക്കുന്നത് വളരെ രസകരമാണ്. സുസ്ഥിരമായ ചന്ദ്രസാന്നിധ്യം സ്ഥാപിക്കുകയും ആളുകളെ ചൊവ്വയിലേക്ക് അയക്കുകയും ചെയ്യണമെങ്കിൽ, നമുക്ക് അത്തരം ഡോക്ടർമാരെ ആവശ്യമുണ്ട്. വൈദ്യശാസ്ത്രത്തിൽ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് എയ്‌റോസ്പേസ് മെഡിസിൻ. ഇത് വളരെ അവേശമുയർത്തുന്ന ഒന്നാണ്. റേഡിയോളജി അല്ലെങ്കിൽ ഡെർമറ്റോളജി അല്ലെങ്കിൽ മറ്റേതെങ്കിലും മേഖല പോലെ, എയ്റോസ്പേസ് മെഡിസിൽ രംഗത്ത് വിശാലമായ അവസരങ്ങളുണ്ട്.
ഞാൻ നാസയിൽ ജോലി തുടങ്ങിയപ്പോൾ 20 ഡോക്ടർമാരേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സ്‌പേസ് എക്‌സിൽ ഒരു അവസരം വന്നു. അത് ലഭിക്കുന്ന കാര്യത്തിൽ ഞാൻ ഭാഗ്യവാനായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി, നൂറുകണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾ, പാരാമെഡിക്കുകൾ, നഴ്‌സുമാർ എന്നിവരോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്, ഇത് ഭാവിയിലും തുടരും.
നിങ്ങളായിരുന്നല്ലോ സ്പേസ് എക്സിന്റെ ആദ്യത്തെ ഫ്ലൈറ്റ് സർജൻ. ആ അനുഭവത്തെക്കുറിച്ച് പറയാമോ?
ഞാൻ സ്പേസ് എക്സി ൽ ചേര്‍ന്നപ്പോൾ, നാസ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഡ്രാഗൺ ക്യാപ്‌സ്യൂളിൽ പ്രവർത്തിച്ചു. ഒരു ഡോക്ടർ എന്ന നിലയിൽ, വിക്ഷേപണ സമയത്ത് ഞാൻ അവരെ പരിപാലിക്കും. അവരെ പ്രവേശിപ്പിക്കുന്ന ആദ്യത്തെ ആളും ഡ്രാഗൺ ക്യാപ്‌സ്യൂളിൽ നിന്ന് പുറത്തെടുക്കുന്ന ആദ്യത്തെ ആളും ഞാനായിരിക്കും. ഇപ്പോൾ നാസയുടെ ബഹിരാകാശയാത്രികൻ എന്ന നിലയിൽ, റോളുകൾ മാറ്റി അവരോടൊപ്പം പറക്കാനും എനിക്ക് അവസരം ലഭിക്കും.
ഇന്ത്യയെ കുറിച്ചും ഇന്ത്യൻ ഭക്ഷണത്തെ കുറിച്ചും
ആളുകൾ ബഹിരാകാശത്ത് ആയിരിക്കുമ്പോൾ, ഭക്ഷണത്തിന്റെ രുചി വ്യത്യസ്തമായിരിക്കും, കാരണം ദ്രാവകം അവിടെ പൊങ്ങിക്കിടക്കാൻ തുടങ്ങുന്നതിനാൽ നിങ്ങളുടെ മൂക്ക് അടഞ്ഞുപോകും. അതുകൊണ്ട് തന്നെ മസാലകൾ കൂടുതലുള്ളതിനാൽ ഇന്ത്യൻ ഭക്ഷണം അവരുടെ ഇഷ്ടഭക്ഷണമാണെന്ന് പല ബഹിരാകാശ സഞ്ചാരികളിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. ഇതൊരു മെഡിക്കൽ യാഥാർത്ഥ്യവുമാണ്.
ഇന്ത്യയിൽ നിന്നുള്ള ഒരാളെന്ന നിലയിൽ, വിശാലമായ ലോകത്തെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ അച്ഛൻ മലബാറില്‍ നിന്നാണ്. കേരളം എന്തൊരു മനോഹരമായ സ്ഥലമാണെന്ന് എന്റെ ഭാര്യയെ കാണിക്കാൻ ഞാൻ ആഗ്രഹിച്ചു,ഞാൻ എന്റെ ഭാര്യയെ മൂന്ന് വർഷം മുമ്പ് കേരളത്തിലേക്ക് കൊണ്ടുപോയി, ഞങ്ങൾ കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിൽ വഴി തമിഴ്‌നാട്ടിലേക്ക് പോയി. അവൾക്ക് ആ പ്രദേശങ്ങൾ ഇഷ്ടമായി.
കേരളത്തിന് എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. മലയാളികൾ വളരെ സൗഹാർദ്ദപരമായാണ് ഇടപെടുന്നത്. പക്ഷേ, എന്റെ ഉച്ചാരണം കേട്ടപ്പോൾ അവർ അൽപ്പം അമ്പരന്നു. അവരുടെ ഇടപെടൽ വളരെ സ്നേഹനിർഭരവും ആകർഷണീയവുമാണ്. ഇന്ത്യയിൽ ചെലവഴിച്ച സമയം എന്നെ ഈ ജോലിക്ക് സജ്ജമാക്കാൻ സഹായിച്ചു, കാരണം ഭാവിയിൽ ഒരു ബഹിരാകാശയാത്രികനാകാൻ എനിക്ക് അവശ്യമായിരുന്ന അതേ കഴിവുകളാണ്. ഇന്ത്യ വളരെ വൈവിധ്യമാർന്ന ബഹുസ്വരസാംസ്കാരിക ഇടമാണ്, വ്യത്യസ്ത ഭാഷകളും വൈവിധ്യമാർന്ന സംസ്കാരങ്ങമുള്ള ഓരോ സംസ്ഥാനവും അവയുടെ ചരിത്രവും ഇന്ത്യയുടെ പ്രത്യേകതയാണ്.