അഹമ്മദാബാദ്: 2002ലെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് അഹമ്മദാബാദ് പ്രത്യേക കോടതി. 11 ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കൊല്ലപ്പെട്ട കേസില്‍ മുന്‍ ബിജെപി എംഎല്‍എ മായ കോഡ്നാനി , മുന്‍ ബജ്റംഗ് ദള്‍ നേതാവ് ബാബു ബജ്റംഗി, വിശ്വഹിന്ദു പരിഷത്ത് നേതാവ് ജയദീപ് പട്ടേല്‍ എന്നിവരുള്‍പ്പെടെ 69 പ്രതികളെയാണ് കോടതി വെറുതെവിട്ടത്.
2002ലെ ഗുജറാത്ത് കലാപ കേസുകളുടെ ദ്രുത വിചാരണയ്ക്കായി രൂപീകരിച്ച ജഡ്ജി ശുഭദ കൃഷ്ണകാന്ത് ബാക്‌സിയുടെ പ്രത്യേകം കോടതി ഏപ്രില്‍ 5 ന് നടപടികള്‍ അവസാനിപ്പിച്ചിരുന്നു. കേസിലെ 86 പ്രതികളില്‍ 17 പേരെയും വിചാരണ വേളയില്‍ കുറ്റവിമുക്തരാക്കിയിരുന്നു. കേസില്‍ 69 പ്രതികളാണ് പിന്നീട് വിചാരണ നേരിട്ടത്. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. കേസില്‍ 182 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചിരുന്നു.
നരോദ പാട്യ കേസില്‍ കോഡ്നാനിയെയും ബാബു ബജ്റംഗിയെയും വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ ഗുജറാത്ത് ഹൈക്കോടതി കോഡ്‌നാനിയുടെ ശിക്ഷ റദ്ദാക്കുകയും കുറ്റവിമുക്തയാക്കുകയും 2018-ല്‍ നരോദ പാട്യ കേസില്‍ ബജ്റംഗിയുടെ ശിക്ഷ ശരിവെക്കുകയും ചെയ്തിരുന്നു.
2002 ഫെബ്രുവരി 27-ന് ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് കത്തിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ നടന്ന ഒമ്പത് പ്രധാന കലാപങ്ങളിലൊന്നാണ് നരോദ ഗാം കേസ്. കേസ് ദ്രുത വിചാരണയ്ക്കായി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരുന്നിട്ടും നരോദ ഗാം കേസ് വിധിയെഴുതാന്‍ വര്‍ഷങ്ങളെടുത്തു. 2002 ഫെബ്രുവരി 28 ന് അഹമ്മദാബാദിലെ നരോദ ഗാം മേഖലയിലെ മുസ്ലീം മഹോള, കുംഭര്‍ വാസ് എന്ന പ്രദേശത്ത് ജനക്കൂട്ടം വീടിന് തീവെച്ച് 11 മുസ്ലീങ്ങള്‍ ചുട്ടുകൊല്ലുകയായിരുന്നു.