ബീജിങ്: ഇരു രാഷ്ട്രങ്ങളും അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ ഇനി മുതൽ സംഘർഷം ഉണ്ടാവുകയില്ലെന്ന ധാരണയിന്മേൽ ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മിൽ നടത്തിയ അനൗദ്യോഗിക ചർച്ചകൾ അവസാനിച്ചു.

വ്യാഴാഴ്ചയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായുളള ചർച്ചകൾക്ക് ചൈനയിലെത്തിയത്. അതിർത്തിയിലെ അസ്വാരസ്യങ്ങൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടുളളതായിരുന്നു ഇരു രാഷ്ട്രങ്ങളുടെയും ചർച്ചകൾ.

“ഇന്ത്യയും ചൈനയും തമ്മിൽ ബന്ധപ്പെടുന്ന ബഹുവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു”, എന്ന് പിന്നീട് നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. ഇന്ത്യയും ചൈനയും തമ്മിൽ സുദീർഘമായ സൗഹൃദം നിലനിൽക്കേണ്ടതുണ്ടെന്ന ആവശ്യത്തിലൂന്നിയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും സംസാരിച്ചത്.

ചൈനീസ് പ്രസിഡന്റ് രണ്ട് തവണ എതിരേൽക്കാനെത്തിയ ഏക രാഷ്ട്രത്തലവൻ താനായത് കൊണ്ട് ഇന്ത്യാക്കാർക്ക് അത് ഏറെ അഭിമാനകരമാണെന്ന് നരേന്ദ്ര മോദി ഷീ ജിൻപിങിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ഇരു രാഷ്ട്രങ്ങളിലെയും ഉന്നത തലത്തിലുളള പ്രതിനിധികൾ തമ്മിലും ചർച്ച നടത്തി വിവിധ വിഷയങ്ങളിലെ നയങ്ങളിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്.

അതേസമയം പാക്കിസ്ഥാന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി അഫ്‌ഗാനിസ്ഥാനിൽ യോജിച്ച വികസന പ്രവർത്തനങ്ങളിൽ കൈകോർക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ തീരുമാനമായിട്ടുണ്ട്. മേഖലയിൽ ഇന്ത്യ-ചൈന-പാക്കിസ്ഥാൻ-അമേരിക്ക ബന്ധങ്ങളിൽ വരും നാളുകളിൽ എന്തെന്ത് മാറ്റങ്ങളാണ് സംഭവിക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ