ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗമ്യനായിരുന്നുവെന്ന് ബെയര്‍ ഗ്രില്‍സ്. ഡിസ്കവറി ചാനലിലെ ‘മാന്‍ വേഴ്സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ അവതാരകനാണ് ബെയര്‍ ഗ്രില്‍സ്. ഇദ്ദേഹത്തിനൊപ്പമാണ് നരേന്ദ്ര മോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്തത്. മോദിക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് ബെയര്‍ ഗ്രില്‍സ് സംസാരിച്ചത്.
”മോദി എപ്പോഴും സൗമ്യനായിരുന്നു. വളരെ മോശം കാലാവസ്ഥയിലും നരേന്ദ്ര മോദി ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. പരിപാടി ഷൂട്ട് ചെയ്ത വനം ഏറെ ഉയരമുള്ള പ്രദേശമായിരുന്നു. മുകളിലേക്ക് കയറും തോറും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മുകളില്‍ നിന്ന് ചെറിയ പാറക്കല്ലുകള്‍ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. ഇടവിട്ട് ഇടവിട്ട് മഴ പെയ്തിരുന്നു. എന്നാല്‍, ഈ സമയത്തെല്ലാം നരേന്ദ്ര മോദി സൗമ്യനായി കാണപ്പെട്ടു. വനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തേക്ക് എത്തിയപ്പോഴും അദ്ദേഹത്തെ വളരെ ശാന്തനായി തന്നെ കാണപ്പെട്ടു. അദ്ദേഹം ലോകത്തിലെ മികച്ച നേതാവാണ് എന്നതിന് തെളിവാണിത്. പ്രതിസന്ധിയിലും അദ്ദേഹം ശാന്തനാണ്,” ബെയര്‍ ഗ്രില്‍സ് പറഞ്ഞു.
Read Also: കാടും മലയും കടന്ന് നരേന്ദ്ര മോദി, സാഹസിക യാത്രയിൽ ഒപ്പം ബെയർ ഗ്രിൽസും
നരേന്ദ്ര മോദി വളരെ എളിയവനാണ്. യാത്രയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. രഹസ്യ സംഘത്തിലെ സഹായകര്‍ നരേന്ദ്ര മോദിക്ക് ഒരു കുട എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍, മോദി കുട വേണ്ട എന്ന് പറഞ്ഞു. മാത്രമല്ല, തനിക്ക് കുഴപ്പമൊന്നുമില്ല എന്നും മോദി അവരോട് പറഞ്ഞു. കനത്ത മഴയുണ്ടായിരുന്നു. മാത്രമല്ല, ശരീരമൊക്കെ തണുത്ത് വിറക്കുന്ന തരത്തിലുള്ള തണുപ്പും. എന്നാല്‍, അപ്പോഴെല്ലാം മോദിയുടെ മുഖത്ത് ചിരിയുണ്ടായിരുന്നുവെന്നും ബെയര്‍ ഗ്രില്‍സ് പറഞ്ഞു.
ഡിസ്കവറി ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ട പതിയ ടീസർ വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ ബെയര്‍ ഗ്രില്‍സ് മോദിയോട് നിങ്ങള്‍ കാട്ടിലായിരുന്നോ എന്ന് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി ചെറുപ്പത്തില്‍ താന്‍ ഹിമാലയത്തില്‍ ആയിരുന്നുവെന്ന് മോദി മറുപടി നല്‍കുന്നത് വീഡിയോയില്‍ കാണാം. പുലി വന്നാല്‍ ഇങ്ങനെ കുത്തണമെന്ന് പറഞ്ഞ് മോദിയുടെ കയ്യിലേക്ക് ബെയര്‍ ഗ്രില്‍സ് ആയുധം കൊടുക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, എതിരാളികളെ ആക്രമിക്കുന്ന സംസ്കാരം തനിക്കില്ലെന്ന് നരേന്ദ്ര മോദി മറുപടിയായി പറയുന്നു. ഓഗസ്റ്റ് 12 രാത്രി ഒൻപതിനാണ് പരിപാടിയുടെ സംപ്രേഷണം.
ഈ വർഷം ഫെബ്രുവരി 14 ന് പുൽവാമ ഭീകരാക്രമണമുണ്ടായ തീയതിയോട് അടുപ്പിച്ച് ഗ്രിൽസ് ധികലയിൽ എത്തിയിരുന്നതായി മാർച്ച് 10 ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രിൽസ് എത്തിയ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനം കണക്കിലെടുത്ത് ഇവിടേക്കുളള എല്ലാ ടൂറിസ്റ്റ് ബുക്കിങ്ങുകളും ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡിപ്പാർട്മെന്റ് റദ്ദാക്കിയിരുന്നു. എന്നാൽ പുൽവാമ ഭീകരാക്രമണം ദിവസം മോദി ധികലയിൽ ഉണ്ടായിരുന്നെന്നും ഡിസ്കവറി ചാനലിന്റെ ഷൂട്ടിൽ പങ്കെടുത്തുവെന്നുമുളള വാർത്തകളെ ബിജെപി തളളിയിരുന്നു.
ഇന്ത്യയിലേക്ക് വരുന്നതിനു മുൻപ് ഗ്രിൽസ് തന്റെ ട്വിറ്റർ പേജിൽ ഒരു ട്വീറ്റ് ചെയ്യുകയും പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു. “ഇന്ത്യയിൽ ഇന്ന് മഹത്തായ ദിനമാണ്. വളരെ സ്പെഷ്യല്‍ ആയ ഒരു ചിത്രീകരണത്തിനായി ഞാൻ അവിടെ താമസിക്കാതെ എത്തുന്നുണ്ട്.” ഇതായിരുന്നു ട്വീറ്റ്. ഫെബ്രുവരി 12 ന് ഇന്ത്യയിലേക്കുളള വിമാനത്തിൽനിന്നൊരു സെൽഫിയും അദ്ദേഹം പോസ്റ്റ് ചെയ്തു. “ഞാൻ ഇഷ്ടപ്പെടുന്ന രാജ്യത്തിലേക്ക് ഒരു സാഹസിക യാത്രയ്ക്ക് പോകുന്നു” എന്ന് കുറിച്ച പോസ്റ്റും പിന്നീട് ഡിലീറ്റ് ചെയ്തു.
Read Also: പ്രവര്‍ത്തക സമിതിക്കിടെ രാഹുലും സോണിയയും ഇറങ്ങി പോയി; പുതിയ അധ്യക്ഷന്‍ ഉടന്‍
ഫെബ്രുവരി 16 ന് നരേന്ദ്രമോദി ഫെബ്രുവരി 15 ന് പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരം അർപ്പിച്ച് ചെയ്ത ട്വീറ്റിന് ഗ്രിൽസ് മറുപടിയും നൽകി. ”തികച്ചും ദാരുണമായ ഒരു ദിവസം – എന്റെ ഹൃദയം ഇന്ത്യയിലെ ജനങ്ങളുടെ കൂടെയാണ്” എന്നായിരുന്നു ട്വീറ്റ്. എന്നാൽ ഫെബ്രുവരി 14 ന് കോർബറ്റ് കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിൽ ഷൂട്ടിങ് സംഘത്തെ അനുവദിച്ചതായി ഗ്രിൽസോ ഡിസ്കവറി ചാനലോ അല്ലെങ്കിൽ ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ലോകത്തിലെ ഏറ്റവും ജനപ്രീയ ഷോയാണ് Man vs Wild. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ളതാണ് പരിപാടി. 2015 ൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പങ്കെടുപ്പിച്ചുളള പരിപാടി ഗ്രിൽസ് അവതരിപ്പിച്ചിരുന്നു. അലാസ്കയിലേക്ക് ഇരുവരും ട്രെക്കിങ്ങിന് പോകുന്നതായിരുന്നു എപ്പിസോഡിൽ ഉണ്ടായിരുന്നത്.