ന്യൂഡൽഹി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധീകരിക്കുന്ന വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് ആവശ്യം. വാരണാസിയിലെ കോൺഗ്രസ് പാർട്ടി പ്രവർത്തകരാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

വാരണാസിയിലെ പാർട്ടിയുടെ മുന്നേറ്റം അടിസ്ഥാനമാക്കി നരേന്ദ്രമോദി തന്നെ മത്സരിക്കാനെത്തുമെന്നാണ് ബിജെപിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. പട്ടിദാർ സമുദായ നേതാവ് ഹർദ്ദിക് പട്ടേലാണ് മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.

മോദിക്കെതിരെ 2014 ൽ മത്സരിച്ച ആംആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്രിവാൾ ഇക്കുറി പോരാട്ടത്തിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിനെ 3.37 ലക്ഷം വോട്ടുകൾക്ക് പിന്നിലാക്കിയാണ് മോദി വിജയം നേടിയത്.

തിരഞ്ഞെടുപ്പിൽ 5.16 ലക്ഷം വോട്ട് മോദി നേടിയപ്പോൾ അരവിന്ദ് കെജ്രിവാളിന് 1.79 ലക്ഷം വോട്ടാണ് ലഭിച്ചത്. കിഴക്കൻ ഉത്തർപ്രദേശിൽ കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്കാ ഗാന്ധിയെ നിയമിച്ചിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിനെ വീണ്ടും പിടിച്ചുയർത്തുന്ന താരമായി പ്രിയങ്കാ ഗാന്ധി വളരുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

ഈ പ്രഖ്യാപനം വന്ന് ആദ്യ ദിവസം പിന്നിട്ടപ്പോൾ തന്നെയാണ് പ്രിയങ്കാ ഗാന്ധിയെ വാരണാസിയിൽ സ്ഥാനാർത്ഥിയാക്കണമെന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയെ വാരണാസിയിൽ മത്സരിപ്പിച്ചാൽ വിിജയിപ്പിക്കാൻ തങ്ങൾ തയ്യാറാണെന്ന് വ്യക്തമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ചും നടത്തി.

വാരണാസി ഉൾപ്പെടുന്ന കിഴക്കൻ ഉത്തർപ്രദേശിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ലഖ്‌നൗ മണ്ഡലവും യോഗി ആദിത്യനാഥിന്റെ ഗോരഖ്‌പൂർ മണ്ഡലവും. അതിനാൽ തന്നെ ഏറ്റവും കടുത്ത ഉത്തരവാദിത്തമാണ് ഇവിടെ പ്രിയങ്കയെ കാത്തിരിക്കുന്നതും. കഴിഞ്ഞ ഒരു വർഷമായി വാരണാസിയിൽ നിരന്തരം എത്തുന്ന ഹർദ്ദിക് പട്ടേൽ പക്ഷെ, താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല. 25 കാരനായ ഇദ്ദേഹം പട്ടിദാർ സമുദായം ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്ന നിലപാടിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook