scorecardresearch

മോദി തിരഞ്ഞെടുപ്പിൽ ജയിച്ചത് നുണകൾ കൊണ്ട്: രാഹുൽ ഗാന്ധി

വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയത്തെ നേരിടുമെന്നും രാഹുൽ ഗാന്ധി

മോദി തിരഞ്ഞെടുപ്പിൽ ജയിച്ചത് നുണകൾ കൊണ്ട്: രാഹുൽ ഗാന്ധി

വയനാട്: വയനാട് മണ്ഡലത്തിലെ പര്യടനത്തിനിടെ നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. മോദി നുണകളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്വേഷവും പകയുമാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലുള്ളത്. രാജ്യത്തെ വിഭജിക്കാനായി വിദ്വേഷത്തിന്റെ ഭാഷയാണ് മോദി ഉപയോഗിക്കുന്നത്. നുണകള്‍ പറഞ്ഞാണ് മോദി തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്നും രാഹുല്‍ ഗാന്ധി കല്‍പ്പറ്റയില്‍ പറഞ്ഞു.

ഇന്ന് കലക്ടറേറ്റിലെത്തിയ രാഹുല്‍ ഗാന്ധി എം.പിക്ക് മുന്‍പില്‍ നിവേദനവുമായി 22 സംഘങ്ങളെത്തി. വയനാട് റയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളാണ് ആദ്യം രാഹുലിനെ കണ്ടത്. പിന്നീട് ആദിവാസി കോൺഗ്രസ്, ഐ.എൻ.ടി.യു.സി, ജനാധിപത്യ കേരള കോൺഗ്രസ് തുടങ്ങിയ സംഘങ്ങളും കർഷക സംഘടന ഭാരവാഹികളും അദ്ദേഹത്തെ കണ്ടു. കൽപ്പറ്റ കലക്ടറേറ്റിലെ ആസൂത്രണ ഭവനിലെ എം.പി. ഫെസിറ്റേഷൻ സെന്ററിൽ വച്ചാണ് നിവേദനം സ്വീകരിച്ചത്. സംഘാംഗങ്ങളോട് രാഹുൽ ഗാന്ധി വിശദമായി കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

വയനാട്ടിലെ ഓരോ വ്യക്തിക്ക് വേണ്ടിയും തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല, കേരളത്തില്‍ നിന്നുള്ള എംപി എന്ന നിലയില്‍ കേരളത്തിലെ പ്രശ്‌നങ്ങളും ലോക്‌സഭയില്‍ ഉന്നയിക്കാന്‍ താന്‍ ഉത്തരവാദിത്തപ്പെട്ടവനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Read More: മക്കൾക്ക് സീറ്റ് നൽകാനായിരുന്നു താൽപര്യം; മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി

കേന്ദ്ര സര്‍ക്കാരും നരേന്ദ്ര മോദിയും രാജ്യത്ത് വിദ്വേഷം പരത്തുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്‌നേഹത്തിലൂടെ മാത്രമേ ഇതിനെ നേരിടാനാകൂ എന്നും രാഹുല്‍ ഗാന്ധി നിലമ്പൂരില്‍ പറഞ്ഞു. ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് അതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാടിന്റെ മുഖച്ഛായ മാറ്റാൻ താൻ പരിശ്രമിക്കുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.

മണ്ഡലത്തിലെ വോട്ടർമാരെ കാണാനും നന്ദി പറയാനും കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുകയാണ്. ഇന്നലെ കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി. റോഡ് ഷോയും ഉണ്ടായിരുന്നു. ശക്തമായ മഴയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് രാഹുലിന് അഭിവാദ്യം അർപ്പിക്കാൻ വഴിയോരങ്ങളിൽ തടിച്ചുകൂടിയത്.

നിവേദനം സ്വീകരിക്കുന്ന രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്ന് രണ്ടാം ദിവസമാണ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടക്കുന്നത്. ആറിടത്ത് റോഡ് ഷോ നടക്കും. പുൽപ്പള്ളി, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഇന്ന് റോഡ് ഷോ നടക്കും. തിരുവമ്പാടി മണ്ഡലത്തിലാണ് നാളെ പര്യടനം നടക്കുക. അതിനു ശേഷം രാഹുൽ ഡൽഹിയിലേക്ക് തിരിച്ചു പോകും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Narendra modi uses lies to win election says rahul gandhi