മോദി പെരുമാറുന്നത് ‘പാക് പ്രധാനമന്ത്രി’യെ പോലെയെന്ന് കേജ്‌രിവാള്‍; ‘രാജ ധര്‍മ്മം’ മറന്നെന്ന് നായിഡു

മോദി രാജ്യത്തെ ജനങ്ങളോട് നുണ പറയുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഉപവാസ വേദിയിലെത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പിന്തുണ അറിയിച്ചു. പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കേജ്‌രിവാളിന്റെ പ്രതികരണം. ”ഒരു പ്രധാനമന്ത്രി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അല്ലാതെ പാര്‍ട്ടിയുടെ അല്ല. അദ്ദേഹം മറ്റ് പാര്‍ട്ടികളോട് പെരുമാറുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയായല്ല പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയെ പോലെയാണ്” കേജ്‌രിവാള്‍ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉപവാസ വേദിയിലെത്തി നായിഡുവിന് പിന്തുണ അറിയിച്ചിരുന്നു. സമരവേദിക്കു ചുറ്റും തടിച്ചു കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് നുണ പറയുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘എവിടെയൊക്കെ പ്രധാനമന്ത്രി മോദി പോകുന്നുവോ, അവിടെയെല്ലാം അദ്ദേഹം നുണ പറയും. ആന്ധ്രാപദേശില്‍ പോയി അവിടെയും നുണ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രത്യേക പദവിയെ കുറിച്ചായിരുന്നു അത്. നോര്‍ത്ത് ഈസ്റ്റില്‍ പോയി അവിടെയും നുണ പറഞ്ഞു. മോദിക്ക് വിശ്വാസ്യത ഇല്ല,’ രാഹുല്‍ പറഞ്ഞു.

നേരത്തെ, മോദി രാജ ധര്‍മ്മം പിന്തുടരുന്നില്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. ”ടിഡിപി സ്ഥാപകന്‍ എന്‍ടി രാമ റാവു പറഞ്ഞിട്ടുണ്ട്, ആരെങ്കിലും നിങ്ങളുടെ ആത്മാഭിമാനത്തെ ആക്രമിച്ചാല്‍ അവരെ ഒരു പാഠം പഠിപ്പിക്കണം എന്ന്. ഞങ്ങള്‍ സഹിക്കില്ല. നിങ്ങള്‍ക്കുളള മറുപടി തന്നിരിക്കും” നായിഡു പറഞ്ഞു. ഡല്‍ഹിയില്‍ ഇരുന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും മറ്റ് പാര്‍ട്ടികളുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നായിഡുവിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തൃണമൂലിനെ പ്രതിനിധീകരിച്ച് ഡെറെക്ക് ഒബ്രയാന്‍ നായിഡുവിനെ സന്ദര്‍ശിച്ചിരുന്നു. പിന്നാലെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും വേദിയിലെത്തി നായിഡുവിന് പിന്തുണ അറിയിച്ചു. തങ്ങളല്ലൊവരും നായിഡുവിനൊപ്പമുണ്ടെന്ന് അഖിലേഷ് പറഞ്ഞു.

ആന്ധ്രാ പ്രദേശിന്റെ പ്രത്യേക പദവി ആവശ്യപ്പെട്ട് ഇന്ന് രാവിലെ എട്ട് മണിക്കാണ് രാജ്യ തലസ്ഥാനത്ത് ചന്ദ്രബാബു നായിഡു ഉപവാസം ആരംഭിച്ചത്. രാത്രി എട്ടുമണിയോടെ ഉപവാസം അവസാനിപ്പിക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi treats other political parties as if he is prime minister of pakistan

Next Story
‘ഞങ്ങളവളെ രാജ്യത്തിന് നൽകുന്നു’, പ്രിയങ്കയ്ക്ക് ആശംസകളുമായി റോബർട്ട് വാദ്ര
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express