ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രിയുടെ ഉപവാസം. പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ഉപവാസസമരം. നാളെ നടക്കുന്ന ഉപവാസസമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ത്തന്നെയാണ് ജോലി മുടക്കാതെ അദ്ദേഹം ഉപവസിക്കുക.

പ്രധാനമന്ത്രിയ്ക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉപവാസത്തില്‍ പങ്കെടുക്കും. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പമായിരിക്കും അമിത് ഷാ പങ്കെടുക്കുക. രാജ്യവ്യാപകമായി നടക്കുന്ന ഉപവാസത്തില്‍ ബിജെപിയുടെ എല്ലാ എംപിമാരും നേതാക്കളും പങ്കെടുക്കും. ഒരു പകല്‍ മാത്രമാണ് ഉപവാസം.

അതേസമയം, ബുധനാഴ്ച പ്രധാനമന്ത്രി ദളിത് എംപിമാരുമായി കൂടിക്കാഴ്ച നടത്തും. സാമുഹികപരിഷ്‌കര്‍ത്താവായ ജ്യോതിബാ ഫുലെയുടെ ജന്മവാര്‍ഷികച്ചടങ്ങിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. പട്ടികജാതി-വര്‍ഗ നിയമം ലഘൂകരിക്കാനുള്ള നീക്കത്തിനെതിരെ ദളിത് എംപിമാര്‍ പ്രതിഷേധിച്ച പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നതു ശ്രദ്ധേയമാണ്.

നേരത്തെ രാജ്യത്ത് സാമുദായിക സൗഹാര്‍ദ്ദം പരിപാലിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും നിരാഹാരമനുഷ്ഠിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടേയും ഉപവാസസമരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ