പ്രസ്താവനകൾ വിവാദമായ സാഹചര്യത്തിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിപ്പിച്ചു. മേയ് 2 ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിൽ കാണാനാണ് നിർദ്ദേശം.

ത്രിപുര മുഖ്യമന്ത്രിയായ ശേഷം ബിപ്ലവ് ദേബ് നടത്തിയ പരാമർശങ്ങൾ പലതും ദേശീയ തലത്തിൽ തന്നെ വളരെയേറെ പരിഹാസങ്ങൾക്ക് വഴിവെച്ചിരുന്നു.

മാഹാഭാരത കാലത്ത് ഇന്റർനെറ്റുണ്ടായിരുന്നുവെന്ന പ്രസ്താവനയാണ് രാജ്യത്താകമാനം ബിപ്ലവ് ദേബിനെ ട്രോളന്മാരുടെ ഇരയാക്കി മാറ്റിയത്. ഇന്റർനെറ്റും സാറ്റലൈറ്റും മഹാഭാരത കാലത്ത് നിലനിന്നിരുന്നുവെന്ന് പരിഹാസങ്ങളും കടുത്ത വിമർശനങ്ങളും കേട്ട ശേഷവും ബിപ്ലവ് ദേബ് ആവർത്തിച്ചിരുന്നു.

ലോക സുന്ദരി മത്സരത്തിൽ 1997 ൽ ഡയാന ഹെയ്‌ഡൻ തിരഞ്ഞെടുക്കപ്പെട്ടതിനെയും അദ്ദേഹം വിമർശിച്ചിരുന്നു. സിവിൽ സർവ്വീസ് ഫലപ്രഖ്യാനം പുറത്തുവന്ന കഴിഞ്ഞ ദിവസം മെക്കാനിക്കൽ എഞ്ചിനീയർമാർ സിവിൽ സർവ്വീസിന് ശ്രമിക്കരുതെന്നും സിവിൽ എഞ്ചിനീയർമാർ അതിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ പശുക്കളെ സംരക്ഷിക്കാൻ യുവാക്കളോട് ആവശ്യപ്പെട്ട ബിപ്ലവ് ദേബ് ഇതൊരു കരിയറായി തിരഞ്ഞെടുക്കണമെന്നും പറഞ്ഞു.

പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഈ പ്രസ്താവനകളിൽ വളരെയേറെ അസ്വസ്ഥരാണെന്നാണ് വിവരം. വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറയുകയാണ് ദേബ് ചെയ്യുന്നതെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിൽ തന്നെ സംസാരം ഉയർന്നിരിക്കുന്നത്. മോദി തന്നെ അദ്ദേഹത്തോട് സംസാരിക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞുയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook