ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയത്തെ മോദി സര്‍ക്കാര്‍ അപകടത്തിലാക്കിയെന്നു ‘ദ ഇക്കണോമിസ്റ്റ്’ മാഗസിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ പുതിയ ലക്കത്തില്‍ മാഗസിന്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയുടെ പശ്ചാത്തലത്തിലാണു ‘ദ ഇക്കണോമിസ്റ്റ്’ വിമര്‍ശനമുയര്‍ത്തുന്നത്. ‘ഇന്ത്യയുടെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തെ അപകടത്തിലാക്കുന്നത് എങ്ങനെ’യെന്ന് കുറിച്ചുകൊണ്ട് പുതിയ ലക്കത്തിന്റെ കവര്‍ ചിത്രം ‘ദ ഇക്കണോമിസ്റ്റ്’ ട്വിറ്ററില്‍ പങ്കുവച്ചു.

ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ 10 സ്ഥാനം പിന്നിലേക്കു പോയതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണു മോദിക്കും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി മാഗസിന്‍ രംഗത്തെത്തിയത്. മാഗസിന്റെ കവര്‍ സ്റ്റോറിയിലാണു വിമര്‍ശനമുള്ളത്.

Read Also: കൊറോണ ഭീതി: ചൈനയില്‍ നിന്ന് മുംബൈയിലേക്ക് എത്തിയ രണ്ടുപേര്‍ നിരീക്ഷണത്തില്‍

ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയില്‍ മോദി വിഭാഗീയത സൃഷ്ടിക്കുന്നുവെന്നു ദി ഇക്കണോമിസ്റ്റ് കുറ്റപ്പെടുത്തുന്നു. ഇന്ത്യയെ ഹിന്ദുരാജ്യമാക്കി മാറ്റാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നതായി 20 കോടിയോളം വരുന്ന മുസ്‌ലിം ജനത ഭയപ്പെടുന്നു. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോദിയും ബിജെപിയും നേട്ടങ്ങള്‍ കൊയ്യുകയാണെന്നും രാമക്ഷേത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിനൊപ്പമുള്ള ബിജെപിയുടെ വളര്‍ച്ച വ്യക്തമാക്കുന്ന ലേഖനം കുറ്റപ്പെടുത്തുന്നു.

രാജ്യത്തെ യഥാര്‍ഥ പൗരന്മാരുടെ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കം 130 കോടിയോളം വരുന്ന ജനങ്ങളെ ദുരിതത്തിലാക്കും. എന്‍ആര്‍സി നടപടി വര്‍ഷങ്ങളോളം നീളുന്നതാണ്. പട്ടിക തയാറായാല്‍ പോലും അതു എതിര്‍പ്പിനും പുനഃപരിശോധനയ്ക്കു വിധേയമാകുമെന്നു ലേഖനം നിരീക്ഷിക്കുന്നു.

ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ തിരിച്ചടികള്‍ സംബന്ധിച്ച ചര്‍ച്ചകളില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടുന്നതാണു വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കങ്ങളെന്നും ലേഖനം നിരീക്ഷിക്കുന്നു.

അതേസമയം, ലേഖനത്തിനെതിരെ ബിജെപി രംഗത്തെത്തി. കോളോണിയല്‍ ചിന്താഗതിയുള്ള അഹങ്കാരിയാണു ദ ഇക്കണോമിസ്റ്റെന്നു ബിജെപി നേതാവ് വിജയ് ചൗതായ്വാലെ പറഞ്ഞു.

ബ്രിട്ടീഷുകാര്‍ 1947ല്‍ ഇന്ത്യ വിട്ടുവെന്നാണ് നാം കരുതുന്നത്. എന്നാല്‍ ദ ഇക്കണോമിസ്റ്റ് എഡിറ്റര്‍മാര്‍ ഇപ്പോഴും കൊളോണിയല്‍ കാലത്താണു ജീവിക്കുന്നത്. മോദിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞിട്ടും 60 കോടിയോളം ഇന്ത്യക്കാര്‍ അതു പാലിക്കാത്തതില്‍ അവര്‍ ദേഷ്യത്തിലാണെന്നും ബിജെപിയുടെ വിദേശനയങ്ങളുടെ ചുമതലയുള്ള നേതാവായ വിജയ് ചൗതായ്വാല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook