ന്യൂഡല്‍ഹി: കോണ്‍ഗ്രസ് തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ ‘സ്നേഹത്തിന്റെ നിഘണ്ടു’വില്‍ നിന്നും അപമാനകരമായ വാക്കുകള്‍ കോണ്‍ഗ്രസ് തനിക്കു നേരെ ഉപയോഗിക്കുന്നു എന്ന് മോദി ആരോപിച്ചു. പ്രിയങ്ക ഗാന്ധി മോദിയെ ദുര്യോധനനോട് താരതമ്യം ചെയ്തതിനു പുറകെയാണ് മോദി ഇങ്ങനെ പറഞ്ഞത്.
ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. താന്‍ ഒരു ഏകപക്ഷീയമായ അടിച്ചമര്‍ത്തലിന്റെ ഇരയാണെന്ന് മോദി പറഞ്ഞു. ഹരിയാന തന്റെ രണ്ടാം വീടായതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ‘സ്നേഹത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ നിര്‍വചനം’ എന്തെന്ന് പറയാന്‍ കുരുക്ഷേത്ര തന്നെ തിരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു.
Read More: ‘പ്രിയങ്കയ്ക്ക് തെറ്റുപറ്റി; മോദി ദുര്യോധനൻ അല്ല, ആരാച്ചാരാണ്’
മെയ് അഞ്ചിന് രാഹുല്‍ ഗാന്ധി മോദിയ്ക്കുള്ള സന്ദേശം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മോദിയുടെ പ്രതികരണം.
‘മോദി ജി, യുദ്ധം കഴിഞ്ഞു. നിങ്ങളുടെ കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നുണ്ട്, എല്ലാ സ്നേഹവും, ഞാന്‍ നിങ്ങളെ ആലിംഗനം ചെയ്യുന്നു,’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ ‘വാഴുന്നോര്‍’ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
തന്നെക്കുറിച്ച് പ്രചരിക്കുന്ന കള്ളക്കഥകള്‍ക്ക് മറുപടിയായി തന്റെ പ്രസംഗം മൊബൈല്‍ ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും പ്രചരിപ്പിക്കണമെന്ന് ജനങ്ങളോട് മോദി ആവശ്യപ്പെട്ടു. ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് തന്റെ ‘വേദന നിറഞ്ഞ കഥകള്‍’ എഴുതാന്‍ ധൈര്യമുണ്ടോ എന്ന് ഉറപ്പില്ലെന്നും മോദി പറഞ്ഞു.
‘കുരുക്ഷേത്ര സത്യത്തിന്റെ മണ്ണാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ സ്നേഹത്തിന്റെ നിഘണ്ടു എന്താണെന്ന് രാജ്യത്തോട് പറയാനും ആ നിഘണ്ടുവില്‍ എന്തെല്ലാം വാക്കുകളാണ് ഉള്ളതെന്നും എങ്ങനെയാണ് അവര്‍ മോദിയ്ക്ക് സ്നേഹം ചൊരിയുന്നതെന്നും പറയാന്‍ ആഗ്രഹിക്കുന്നത്,’ മോദി പറഞ്ഞു.
‘ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ പുഴുവിനോട് ഉപമിച്ചു. മറ്റൊരാള്‍ പട്ടിയെന്ന് വിളിച്ചു. വേറൊരാള് വിളിച്ചത് ഭസ്മാസുരനെന്നായിരുന്നു. ഒരു കോണ്‍ഗ്രസ് മന്ത്രി തന്നെ കുരങ്ങനെന്ന് വിളിച്ചപ്പോള്‍ മറ്റൊരു മന്ത്രി വിളിച്ചത് ദാവൂദ് ഇബ്രാഹീം എന്നായിരുന്നു.
എന്റെ അമ്മയെ പോലും അവര്‍ അധിക്ഷേപിക്കുന്നു. എന്റെ അച്ഛനാരെന്ന് ചോദിക്കുന്നു. ഞാന്‍ പ്രധാനമന്ത്രിയായപ്പോഴാണ് അവര്‍ ഇത്തരത്തില്‍ അപമാനിക്കുന്നതെന്ന് ഓര്‍ക്കണം’ മോദി പറഞ്ഞു.
Read More: മോദിയുടെ പതനം ദുര്യോധനനെ പോലെയായിരിക്കും: പ്രിയങ്ക ഗാന്ധി
‘ഇങ്ങനെയാണ് അവര്‍ മോദിയോട് സ്നേഹം പ്രകടിപ്പിക്കുന്നത്. ഇതാണ് അവരുടെ സ്നേഹത്തിന്റെ നിഘണ്ടുവിലെ ചില ഉദാഹരണങ്ങള്‍,’ മോദി പറഞ്ഞു.
യുവാക്കളില്‍ മോശമായ അനന്തരഫലം സൃഷ്ടിക്കുമെന്നതിനാല്‍ പൊതു പരിപാടികളില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്ന് മോദി പറഞ്ഞു. താന്‍ കടന്നു പോകുന്ന ഏകപക്ഷീയമായ അടിച്ചമര്‍ത്തല്‍ രാജ്യത്തോട് പറയുക എന്നത് പ്രധാനമാണെന്നും അതിനാല്‍ തന്റെ പ്രസംഗം എല്ലാവരും സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും കൈമാറണമെന്നും പ്രചരിപ്പിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.
ഹിന്ദു ഭീകരത എന്ന പദപ്രയോഗം തുടങ്ങി വച്ചതിനും മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. സംഝോത എക്സ്പ്രസ് സ്ഫോടനം നടന്നത് പാനിപ്പത്തിനടുത്താണെന്നും കോണ്‍ഗ്രസ് നിഷ്കളങ്കരായ ജനങ്ങളെ ജയിലില്‍ അടയ്ക്കുകയായിരുന്നു എന്നും മോദി ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചന പൊളിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.