കുളു: വേണ്ട സമയത്ത് നോട്ടുനിരോധനം ഏർപ്പെടുത്താൻ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയ്ക്ക് കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവര്‍ അന്ന് അത് ചെയ്തിരുന്നുവെങ്കില്‍ ഇത്ര ബുദ്ധിമുട്ടേറിയ ജേലി തനിക്ക് ചെയ്യേണ്ടി വരുമായിരുന്നില്ലെന്നും മോദി പറഞ്ഞു. കഴിഞ്ഞ 70 വർഷം രാജ്യം ഭരിച്ചത് കോൺഗ്രസാണെന്നും എന്നാലവർ അഴിമതിയിലും നുണപ്രചാരണത്തിലും ജാതീയതയിലും സ്വജനപക്ഷപാതത്തിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുദ്ധഭൂമി ഉപേക്ഷിച്ച് കോൺഗ്രസ് ഇതിനോടകം രക്ഷപ്പെട്ടുവെന്നും ഇപ്പോൾ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായി മാറിയെന്നും മോദി പറഞ്ഞു. കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കാൻ ഹിമാചൽ പ്രദേശിലെ ജനങ്ങൾ തങ്ങളുടെ മനസ്സിൽ തീരുമാനമെടുത്തതായും ബിജപിയുടെ വിജയം ഇവിടെ സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിലെ ഉനയിൽ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

70 വർഷം കോൺഗ്രസ് ഭരിച്ചു. അഴിമതി നടത്താനും നുണക്കഥകൾ പ്രചരിപ്പിക്കാനും ജാതീയതയും സ്വജനപക്ഷപാതം വളർത്താനുമാണ് അവർ ശ്രമിച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ഇവിടുത്തെ ജനങ്ങളോട് ഞാൻ അഭ്യർഥിക്കുന്നു. നവംബർ 9 ന് ഹിമാചൽ പ്രദേശിലെ ജനങ്ങൾ മാറ്റത്തിനായുളള വോട്ട് ആയിരിക്കും രേഖപ്പെടുത്തുകയെന്നും മോദി പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ തിരിച്ചടി നേരിട്ട ചിലരാണ് ഇപ്പോഴും കുറ്റം പറയുകയും നവംബർ 8 കരിദിനമായി ആചരിക്കാനും പദ്ധതിയിടുന്നത്. ബിനാമി സ്വത്തു നിയമം കോൺഗ്രസ് പാസാക്കിയിട്ടില്ല. കാരണം അവരുടെ മുഴുവൻ സ്വത്തുവിവരങ്ങളും പുറത്തുവരുമെന്ന് അവർ ഭയപ്പെടുന്നു. വികസനത്തിലാണ് തന്റെ സർക്കാരിന്റെ കണ്ണ്. രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുളള പരിഹാരം വികസനം മാത്രമാണ്. ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. യുവാക്കൾക്ക് ജോലി ഉറപ്പുവരുത്താനും പ്രായാധിക്യം മൂലം കഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട ചികിൽസ ലഭ്യമാക്കാനും കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കാൻ സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook