മൂന്ന് വാക്സിനുകൾ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ കോവിഡ് -19 വാക്സിൻ തയ്യാറാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കോവിഡ് -19 സാഹചര്യം, വാക്സിനുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, മുന്നോട്ടുള്ള വഴി എന്നിവയെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. പൊതുജനാരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് ആവർത്തിച്ച പ്രധാനമന്ത്രി വാക്സിൻ വിലയും വിതരണവും സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചർച്ചകൾ നടക്കുന്നുവെന്നും പറഞ്ഞു. വാക്സിൻ വിതരണത്തിൽ മുൻഗണന നൽകുക കോവിഡ് ഫ്രണ്ട് ലൈൻ വർക്കർമാർക്കും ഗുരുതരമായ രോഗങ്ങളുള്ളവരും വയോധികരും അടക്കമുള്ളവർക്കും ആയിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിനിന്റെ വിതരണം, വില എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ചർച്ച തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലെ നിർമാണ കേന്ദ്രങ്ങൾ പ്രധാനമന്ത്രി ദിവസങ്ങൾക്ക് മുമ്പ് സന്ദർശിച്ച് വാക്സിൻ വികസനം അവലോകനം ചെയ്തിരുന്നു. കോവിഡ് -19 നുള്ള വാക്സിൻ കാൻഡിഡേറ്റുകൾ നിലവിൽ ക്ലിനിക്കൽ ട്രയലുകളിലുള്ള മറ്റ് മൂന്ന് മരുന്നു കമ്പനികളുമായി തിങ്കളാഴ്ച അദ്ദേഹം ഒരു വെർച്വൽ കൂടിക്കാഴ്ചയും നടത്തിയിരുന്നു.

Read More: ഫൈസർ വാക്സിൻ ഇന്ത്യയുടെ പ്രഥമ പരിഗണനയിലില്ല; നിരീക്ഷണത്തിൽ; സമാന വാക്സിനും ശ്രമം

അഞ്ചോ അതിലധികമോ എംപിമാരുള്ള പ്രധാന രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 12 ഓളം നേതാക്കൾ എംപിമാരുടെ യോഗത്തിൽ പങ്കെടുത്തതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിച്ചപ്പോൾ സുദീപ് ബന്ദിയോപാധ്യായ തൃണമൂൽ കോൺഗ്രസിനെയും ശരദ് പവാർ എൻസിപിയെയും നാമ നാഗേശ്വര റാവു ടിആർഎസിനെയും, വിനായക് റൗത്ത് ശിവസേനയെയും പ്രതിനിധീകരിച്ചു ചർച്ചയിൽ പങ്കെടുത്തു.

ഓരോ ഇന്ത്യക്കാർക്കും എപ്പോൾ സൗജന്യ കോവിഡ് -19 വാക്സിൻ ലഭിക്കുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗത്തിന് മുമ്പ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. “ഇന്നത്തെ സർവ്വകക്ഷി യോഗത്തിൽ, ഓരോ ഇന്ത്യക്കാർക്കും എപ്പോൾ സൗജന്യ കോവിഡ് വാക്സിൻ ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം കോവിഡ്-19 സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സർക്കാർ വിളിക്കുന്ന രണ്ടാമത്തെ സർവകക്ഷി യോഗമാണിത്.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ് വർധൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പാർലമെന്ററി കാര്യമന്ത്രിമാരായ പ്രഹാദ് ജോഷി, മന്ത്രാലയത്തിലെ സഹമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, വി മുരളീധരൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Read More:  കോവിഡ് വാക്സിൻ ലഭിക്കാൻ ഇനി എത്ര മുന്നോട്ട് പോവാനുണ്ട്? അറിയേണ്ടതെല്ലാം

നേരത്തെ മുഖ്യമന്ത്രിമാരുമായുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി മോദി അധ്യക്ഷത വഹിച്ചിരുന്നു. വാക്സിൻ അഡ്മിനിസ്ട്രേഷനും വിതരണവും സംബന്ധിച്ച് സംസ്ഥാനങ്ങളുടെ പങ്ക് പ്രധാനമാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. നവംബർ 24 ലെ യോഗത്തിൽ, വാക്സിനേഷൻ പരിപാടിയുടെ അന്തിമ കരട് നിർമ്മിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നൽകാൻ അദ്ദേഹം സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുകയും വാക്സിൻ വിതരണം സുഗമമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപത്തിൽ ബ്ലോക്ക് ലെവൽ വരെ വികേന്ദ്രീകൃത സംവിധാനങ്ങൾ നിർമ്മിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കോവിഡ് -19 വാക്സിനേഷൻ യജ്ഞത്തിനായി വിപുലമായ പിന്നണി പ്രവർത്തനങ്ങൾ കേന്ദ്രം ഇപ്പോൾ നടത്തുന്നുണ്ട്. ജൂലൈ 21 നകം 400-500 ദശലക്ഷം ഡോസുകൾ എത്തിക്കാനും ഉപയോഗപ്പെടുത്താനും ഏകദേശം 20-25 കോടി ജനങ്ങളെ വാക്സിനേഷൻ യജ്ഞത്തിന്റെ ഗുണഭോക്താക്കളാക്കാനും സാധിക്കുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook