scorecardresearch
Latest News

‘നിങ്ങള്‍ എത്ര ചെളിവാരി എറിയുന്നുവോ അത്രയും നന്നായി താമര വിരിയും’; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

നാലു പതിറ്റാണ്ടിലേറെയായി രാജ്യത്തിനുവേണ്ടി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാന്‍ തങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു

Narendra Modi, Adani Group, Parliament budget session, Rajya Sabha, Rahul Gandhi

ന്യൂഡല്‍ഹി: നിങ്ങള്‍ എത്ര ചെളിവാരിയെറിഞ്ഞാലും താമര വിരിയുമെന്നു രാജ്യസഭയിലെ പ്രതിപക്ഷ ബഹളത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഈ സഭയില്‍ പറയുന്നതു രാജ്യം ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നു. ചില എം പിമാര്‍ ഈ സഭയ്ക്ക് അപകീര്‍ത്തി വരുത്തുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കു നേരെ എത്ര ചെളി വാരിയെറുന്നുവോ അത്രയധികം താമര വിരിയുമെന്ന് എല്ലാവരെയും ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

സമഗ്രവികസനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി മോദി ആരോപിച്ചു. ”ഇന്ത്യയുടെ സമഗ്രവികസനത്തിനു ശക്തമായ അടിത്തറ സൃഷ്ടിക്കാമായിരുന്നിട്ടു കോണ്‍ഗ്രസ് എല്ലായിടത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി 2014 ല്‍ ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ മനസിലാക്കി,” കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനകള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.

തന്റെ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി അക്കമിട്ടുനിരത്തി. ”3-4 വര്‍ഷത്തിനിടെ ഏകദേശം 11 കോടി വീടുകള്‍ക്കു കുടിവെള്ള കണക്ഷന്‍ നല്‍കി. സാധാരണക്കാരുടെ ശാക്തീകരണത്തിനായി ഞങ്ങള്‍ ജന്‍ധന്‍ അക്കൗണ്ട് പ്രസ്ഥാനം ആരംഭിച്ചു. ഒന്‍പതു വര്‍ഷത്തിനിടെ രാജ്യത്തുടനീളം 48 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നു,” അദ്ദേഹം പറഞ്ഞു.

”ഞാന്‍ ഇടയ്ക്കിടെ കലബുറഗി സന്ദര്‍ശിക്കുന്നുവെന്നു ഖാര്‍ഗെജി പരാതിപ്പെടുന്നു. അവിടെ നടന്ന പ്രവൃത്തി അദ്ദേഹം കാണണം. കര്‍ണാടകയില്‍ 1.70 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. കലബുറഗിയില്‍ എട്ടു ലക്ഷത്തിലധികം പേര്‍ ഉള്‍പ്പെടുന്നു. പൊതുജനങ്ങള്‍ ശാക്തീകരിക്കപ്പെടുമ്പോള്‍, പലരുടെയും അക്കൗണ്ടുകള്‍ പൂട്ടുകയാണ്, അവരുടെ വേദന ഞാന്‍ മനസിലാക്കുന്നു.

”അവര്‍ (കോണ്‍ഗ്രസ്) ‘ഗരീബി ഹഠാവോ’ എന്ന് പറയാറുണ്ടായിരുന്നു. എന്നാല്‍ നാലു പതിറ്റാണ്ടിലേറെയായി അവര്‍ ഒന്നും ചെയ്തില്ല. ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു. സാധാരണ ജനങ്ങള്‍ക്കാണു ഞങ്ങളുടെ മുന്‍ഗണന. രാജ്യത്തെ 25 കോടി കുടുംബങ്ങള്‍ക്കു ഞങ്ങള്‍ എല്‍പിജി കണക്ഷന്‍ ലഭ്യമാക്കിയതിന്റെ കാരണം അതാണ്,” മോദി പറഞ്ഞു.

അദാനി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അദ്ദേഹം പ്രസംഗം തുടരവേ, ‘ഞങ്ങള്‍ക്ക് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) വേണം’ എന്ന മുദ്രാവാക്യം സഭയില്‍ മുഴങ്ങി.

നേരത്തെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഭയെ അഭിസംബോധന ചെയ്യവെ, തന്റെ പ്രസ്താവനയിലെ ചില വാക്കുകള്‍ സഭാരേഖകളില്‍നിന്ന് ഒഴിവാക്കുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ചു.

”എന്റെ പ്രസ്താവനയില്‍ നിന്ന് ഒഴിവാക്കിയ വാക്ക് അടല്‍ ബിഹാരി വാജ്പേയി ഉള്‍പ്പെടെയുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ ഉപയോഗിച്ചു. പാര്‍ലമെന്ററി വിരുദ്ധമായി ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല,”അദ്ദേഹം പറഞ്ഞു.

രണ്ടര വര്‍ഷത്തിനിടെ അദാനി ഗ്രൂപ്പിന്റെ സമ്പത്തിലുണ്ടായ വര്‍ധനയെ ചോദ്യം ചെയ്ത് ഖാര്‍ഗെ ബുധനാഴ്ച നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ലക്ഷ്യമിട്ടിരുന്നു. ഈ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണു സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Narendra modi parliament budget session rajya sabha rahul gandhi adani congress bjp