ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാനിരിക്കെ മോദിക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ മാസികയായ ടൈം മാഗസിന്‍. മാഗസിന്റെ 2019 മേയ് 20 ലക്കം ഏഷ്യന്‍ എഡിഷനിലാണ് മോദിയുടെ കവര്‍ ചിത്രത്തോടൊപ്പം രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിഭജന നായകന്‍ എന്ന തലക്കെട്ടോടെയാണ് മോദിയെ മാഗസിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ് ( India’s Divider in Chief) എന്നാണ് നല്‍കിയിരിക്കുന്ന തലക്കെട്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷം കൂടി മോദിയെ ചുമക്കേണ്ടി വരുമോ എന്നും ലേഖനത്തില്‍ ചോദിക്കുന്നു.

Read More: ‘അസാധ്യമായിരുന്നതെല്ലാം ഇപ്പോള്‍ സാധ്യം, സര്‍ക്കാരിന് നന്ദി പറയുക’: നരേന്ദ്ര മോദി

മോദി ഭരണത്തിന് കീഴില്‍ രാജ്യത്തെ ജനങ്ങള്‍ അസംതൃപ്തരാണ്. ഇന്ത്യയുടെ ദേശീയതയും രാജ്യത്തിന്റെ സ്ഥാപക നേതാക്കളും ന്യൂനപക്ഷവും മോദി ഭരണത്തിന് കീഴില്‍ അസംതൃപ്തരാണെന്ന് മാഗസിനില്‍ പറയുന്നു. മോദി സര്‍ക്കാരിന്റെ കാലത്ത് മതേതരത്വമെന്ന ആശയം ഞെരുക്കപ്പെടുന്നതായും ലേഖനത്തില്‍ ആദിഷ് തപ്‌സീര്‍ പറയുന്നു.

മോദി ഭരണത്തിന് കീഴില്‍ ലിബറല്‍സും താഴ്ന്ന ജാതിക്കാരും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളുമെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. 2014 ല്‍ അധികാരത്തിലെത്തുമ്പോള്‍ മോദി നല്‍കിയ സാമ്പത്തിക വാഗ്‌ദാനങ്ങളെല്ലാം പരാജയപ്പെട്ടു. വിഷം നിറഞ്ഞ മതദേശീയതയുടെ അന്തരീക്ഷം മോദി ഭരണത്തില്‍ ഇന്ത്യയിലുണ്ടായെന്നും മാഗസിനില്‍ പറയുന്നു.

Read More: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് പ്രീണന രാഷ്ട്രീയം: നരേന്ദ്ര മോദി

ഇത്രയും ദുര്‍ബലമായ ഒരു പ്രതിപക്ഷത്തെ ലഭിക്കാന്‍ മോദി ഭാഗ്യം ചെയ്തിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. വ്യക്തമായ അജണ്ടയില്ലാത്ത, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന് മോദിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ. മറ്റ് വ്യക്തമായ അജണ്ടകളൊന്നും അവര്‍ക്കില്ലെന്നും മാഗസിന്‍ കുറ്റപ്പെടുത്തുന്നു.

പ്രധാനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ 2015 ല്‍ ടൈം മാഗസിന്‍ കവറില്‍ മോദി പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് മോദിയുമായി എക്‌സ്‌ക്ലൂസീവ് അഭിമുഖവും ഉണ്ടായിരുന്നു. 2012 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തും മോദി ടൈം മാഗസിന്‍ കവറില്‍ ഇടം പിടിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook