ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ റദ്ദാക്കിയുള്ള ബില്‍ ലോക്‌സഭ പാസാക്കിയതിനു പിന്നാലെയാണ് പ്രതികരണവുമായി നരേന്ദ്ര മോദി എത്തിയത്. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളെ കാത്തിരിക്കുന്നത് നല്ല പുലരിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നമ്മള്‍ എല്ലാവരും ഒന്നിച്ചുനിന്ന് രാജ്യത്തെ 130 കോടി ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കും. ജമ്മു കശ്മീര്‍ ബില്‍ പാസായതോടെ ഒരു നാഴികകല്ലാണ് ഇന്ത്യ കടന്നിരിക്കുന്നത് എന്നും നരേന്ദ്ര മോദി പറഞ്ഞു.

ലഡാക്കിലെ ജനങ്ങള്‍ക്ക് നരേന്ദ്ര മോദി നന്ദി പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശമാക്കണമെന്ന ഏറെനാളായുള്ള ലഡാക്കിലെ ജനങ്ങളുടെ സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. വലിയ സന്തോഷമുള്ള കാര്യമാണ് അത്. ഈ തീരുമാനം ലഡാക്കില്‍ സന്തോഷവും അഭിവൃദ്ധിയുമുണ്ടാക്കും- നരേന്ദ്ര മോദി പറഞ്ഞു.

Read Also: ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെ ഹിന്ദുത്വബോധത്തിന്‍റെ മേലാട മൂടുമ്പോള്‍

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളെ സല്യൂട്ട് ചെയ്യുന്നു. ചില തത്പര കക്ഷികള്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം വൈകാരികമായി ഇവിടുത്തെ ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു. അവര്‍ ജനങ്ങളുടെ സുസ്ഥിതിയെ കുറിച്ച് ആലോചിച്ചില്ല. അത്തരക്കാരുടെ കയ്യില്‍ നിന്ന് ജമ്മു കശ്മീര്‍ ഇപ്പോള്‍ സ്വതന്ത്രമായിരിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയം ലോക്‌സഭയിൽ ഇന്നാണ് പാസാക്കിയത്. 72 നെതിരെ 351 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ചയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്തുകളയില്ലെന്നും ഷാ വ്യക്തമാക്കി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക്ക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടേതാണെന്നും ഷാ പറഞ്ഞു. ജമ്മു കശ്മീര്‍ ബില്‍ നോട്ട് നിരോധനംപോലെ മറ്റൊരു ദുരന്തമായിരിക്കുമെന്നു കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook