പാക്കിസ്ഥാനിൽ ദുരിത ജീവിതം നയിക്കുന്ന ന്യൂന പക്ഷങ്ങൾക്ക് പൗരത്വം നൽകാൻ തയ്യാറായ നരേന്ദ്ര മോദി ദൈവ തുല്യനാണെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ശിവരാജ് സിങ് ചൗഹാൻ.
“ദൈവം നിങ്ങൾക്ക് ജീവൻ നൽകി, അമ്മ നിങ്ങൾക്ക് ജന്മം നൽകി, പക്ഷേ നരേന്ദ്ര മോദിജി, നിങ്ങൾ അവർക്ക് ഒരു പുതിയ ജീവിതവും ബഹുമാനവും അന്തസ്സും നൽകി. നരേന്ദ്ര മോദി, നിങ്ങൾ ദൈവതുല്യനാണ്. ഇത് ശരിയല്ലേ?” പാർട്ടിയുടെ വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ ഇൻഡോറിലെ സിന്ധി, പഞ്ചാബി സമുദായങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇൻഡോറിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ബിജെപി യോഗം നടത്തിയിരുന്നു.
പാകിസ്ഥാനിൽ നിന്ന് വന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും കഥകൾ ഉദ്ധരിച്ച് ചൗഹാൻ പറഞ്ഞു, “ഭക്തരെ ആ രാജ്യത്തെ ക്ഷേത്രങ്ങളിൽ പോകാൻ അനുവദിച്ചിട്ടില്ല, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു, ചിലരെ നിക്കാഹ് ചെയ്യാൻ നിർബന്ധിച്ചു, ചിലർ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് കൊല്ലപ്പെട്ടു. വിസയുടെ കാലാവധി കഴിഞ്ഞെങ്കിലും ഇവർക്കെതിരെ നടപടിയെടുക്കരുതെന്ന് താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. മോദിയേയും അമിത് ഷായേയും വണങ്ങണം.”
Read More: നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര: പ്രധാനമന്ത്രി
വിഭജനം മൂലം ദുരിതമനുഭവിക്കുന്നവരോട് അനുഭാവം പുലർത്താത്ത രാഹുൽ ഗാന്ധി ചരിത്രം വായിച്ചതായി കരുതുന്നില്ലെന്ന് ചടങ്ങിൽ സംസാരിച്ച നദ്ദ പറഞ്ഞു. പൗരത്വ ഭേദഗതി നിമയത്തെ കുറിച്ച് കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞദിവസം ഡൽഹിയിലെ രാംലീല മൈതാനിയിൽ എത്തിയ നരേന്ദ്ര മോദിയും പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ വിമർശിച്ചു. ‘മോദിയെ വെറുത്തോളൂ, നിങ്ങള്‍ ഇന്ത്യയെ വെറുക്കരുത്. എന്റെ കോലം കത്തിച്ചോളൂ, പക്ഷേ പാവങ്ങളുടെ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും തീവെക്കരുത്. പാവം ഡ്രൈവര്‍മാരെയും പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്. നിരവധി പോലീസുകാർ നമുക്കുവേണ്ടി ജീവന്‍വെടിഞ്ഞു. പോലീസുകാര്‍ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്’, മോദി പറഞ്ഞു.
ജനങ്ങളെ ഒരിക്കലും മതത്തിന്റെ പേരിൽ മാറ്റി നിർത്തിയിട്ടില്ലെന്ന് മോദി പറഞ്ഞു. പ്രതിപക്ഷെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ പരത്തുകയാണെന്നും അവരുടെ വികാരങ്ങളെ പൗരത്വ നിയമത്തിനെതിരായി ഉപയോഗിക്കുയാണെന്നും മോദി പറഞ്ഞു.
“ഹിന്ദുവായാലും മുസ്ലീമായാലും സിഎഎ ഒരു ഇന്ത്യൻ പൗരനെയും ബാധിക്കില്ല. എൻആർസിയെക്കുറിച്ചും ഒന്നിലധികം അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന് ശേഷം അസമിൽ എൻആർസി നടപ്പാക്കി. ചട്ടങ്ങളൊന്നും രൂപപ്പെടുത്തിയിട്ടില്ല, അത് പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല. അനധികൃത കോളനികളുടെ ബിൽ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളുടെ അവകാശം നൽകുമ്പോൾ, ഞങ്ങൾ തന്നെ നിങ്ങളുടെ അവകാശം തട്ടിയെടുക്കുമോ?,” മോദി ചോദിച്ചു.