ന്യൂഡൽഹി: മൻ കി ബാത്തിൽ അയോധ്യ കേസിലെ വിധി പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ കേസിൽ സുപ്രീം കോടതി വിധി വരാൻ ദിവസങ്ങൾ മാത്രമുളളപ്പോഴാണ് 2010 ലെ അലഹബാദ് ഹൈക്കോടതി വിധിയെക്കുറിച്ചുളള മോദിയുടെ പരാമർശം.

”2010 സെപ്റ്റംബർ അയോധ്യ ഭൂമിതർക്ക കേസിൽ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. വിധി വരുന്നതിന് മുമ്പ് അനാവശ്യ പ്രസ്‍താവനകള്‍ നടത്തി ചിലര്‍ മുതലെടുപ്പിന് ശ്രമിച്ചു. എന്നാൽ കോടതി വിധി വന്നപ്പോൾ എല്ലാവരും അംഗീകരിച്ചു. അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. ജുഡീഷ്യറിയെ ഏവരും ബഹുമാനിച്ചതിന്റെ ഫലമാണിത്. ഈ കാര്യങ്ങൾ നമ്മൾ ഓർമിക്കണം. അവ നമുക്ക് ശക്തി നൽകും” മോദി പറഞ്ഞു.

അലഹബാദ് ഹൈക്കോടതി വിധി വന്നശേഷം രാജ്യത്തിന്‍റെ ഐക്യത്തിനായി പ്രവര്‍ത്തിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമുദായിക സംഘടനകൾക്കും നേതാക്കള്‍ക്കും എല്ലാ മത നേതാക്കൾക്കും രാജ്യത്തെ ജനങ്ങൾക്കും നന്ദി പറയുന്നതായി മോദി പറഞ്ഞു. മൻ കി ബാത്തിൽ മറ്റു ചില വിഷയങ്ങളെക്കുറിച്ചും പരാമർശിച്ച മോദി രാജ്യത്തെ എല്ലാ ജനങ്ങൾക്കും ദീപാവലി ആശംസകൾ നേരുകയും ചെയ്തു.

Read More: രണ്ട് മനുഷ്യര്‍, രണ്ട് മതങ്ങള്‍, ഒരേ ജീവിതം; അയോധ്യ അവസാനിക്കുന്നില്ല

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനായിരുന്നു 2010 സെപ്റ്റംബർ 30 ന് പുറത്തുവന്ന അലഹബാദ് ഹൈക്കോടതി വിധി. 2.77 ഏക്കർ തർക്ക ഭൂമി രാംലല്ല, നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ് എന്നിവർക്ക് തുല്യമായി വീതിച്ചു നൽകണമെന്നായിരുന്നു വിധി.

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസാണ് അയോധ്യ ഭൂമിതര്‍ക്ക വിഷയം. ഓഗസ്റ്റ് ആറിനാണ് കേസിൽ വാദം കേൾക്കൽ കോടതി ആരംഭിച്ചത്. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അ‍ഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേട്ടത്.

ഒക്ടോബര്‍ 17 ന് മുന്‍പ് തന്നെ എല്ലാ വാദങ്ങളും തീർക്കണമെന്ന് ഭരണഘടനാ ബഞ്ച് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഒക്ടോബർ 16 ന് വാദം കേൾക്കൽ പൂർത്തിയാക്കിയ സുപ്രീം കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന നവംബര്‍ 17 നു മുന്‍പ് വിധി പുറപ്പെടുവിക്കാനാണ് സാധ്യത.

വിധി പ്രസ്താവം കണക്കിലെടുത്ത് അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബർ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook