ന്യൂഡല്‍ഹി : പ്രളയ ദുരന്തമനുഭവിക്കുന്ന കേരലത്തോടൊപ്പം രാജ്യം മുഴുവനും ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിവാര റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തില്‍’ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

“കേരളത്തിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കം ജനജീവിതത്തെ വളരെ ഗുരുതരമായ രീതിയില്‍ ബാധിച്ചിരിക്കുന്നു. ഇന്ന് ഈ വിഷമഘട്ടത്തില്‍ രാജ്യം മുഴുവന്‍ കേരളത്തോടൊപ്പമാണുള്ളത്. സ്വന്തക്കാരെ നഷ്ടപ്പെട്ടവരോട് നമുക്ക് സഹാനുഭൂതിയുണ്ട്.” പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രകൃതി ദുരന്തത്തില്‍ മുറിവേറ്റവര എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങളുടെ ഉത്സാഹവും അദമ്യമായ ധൈര്യവും മൂലം കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് തനിക്ക് തികഞ്ഞ വിശ്വാസമുണ്ട്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സേനാംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. “സായുധ സേനയിലെ ജവാന്മാര്‍ കേരളത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നതായി നമുക്കറിയാം. അവര്‍ വെള്ളപ്പൊക്കത്തില്‍ പെട്ട ആളുകളെ രക്ഷിക്കുന്നതിന് പരമാവധി ശ്രമിച്ചു. വായുസേനയാണെങ്കിലും നാവികസേനയാണെങ്കിലും കരസേനയാണെങ്കിലും ബിഎസ്എഫ്, സിഐഎസ്എഫ്, ആര്‍എഎഫഫും ഒക്കെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ പങ്കാണ് വഹിച്ചത്. എന്‍ഡിആര്‍എഫ് ജവാന്മാരുടെ കഠിന പരിശ്രമത്തെക്കുറിച്ചും എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.

ഈ വിപത്തിന്റെ വേളയില്‍ രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ടെന്നു വിശ്വാസമെകാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞ നരേന്ദ്ര മോദി ഓണവും ആശംസിച്ചു. ഇന്നലെ ഓണാഘോഷമായിരുന്നു. ഓണം രാജ്യത്തിന്‌, വിശേഷിച്ച് കേരളത്തിന് ഈ ആപത്തില്‍ നിന്ന് എത്രയും വേഗം കരകയറാനും കേരളത്തിന്റെ വികസനയാത്രയ്ക്ക് കൂടുതല്‍ ഗതിവേഗമേകാനും ശക്തിയെകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. നരേന്ദ്ര മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook