ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇന്ന് മൂന്ന് വർഷം പൂർത്തിയാകുന്നു. മൂന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെമ്പാടും മോദി ഫെസ്റ്റ് നടത്താനാണ് സർക്കാരിന്റെ പദ്ധതി.രാജ്യത്തെ 900 കേന്ദ്രങ്ങളില്‍ മോദി ഫെസ്റ്റ് എന്ന പേരില്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കും.

മൂന്നു വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷ പരിപാടികള്‍ പ്രധാനമന്ത്രി ഇന്ന് ആസാമിലെ ഗുവാഹതിയില്‍ ഉദ്ഘാടനം ചെയ്യും. ആസാമിലെ സദിയയില്‍ 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം ഉദ്ഘാടനം ചെയ്താണ് മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പാലമാണിത്.

ദേശീയ രാഷ്‌ട്രീയത്തില്‍ ചരിത്രം കുറിച്ച് ഒറ്റക്ക് ഭൂരിപക്ഷം നേടിയാണ് 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയത്. സ്വച്ഛ് ഭാരത് അഭിയാന്‍, പ്രധാനമന്ത്രി ജന്‍ധന്‍ പോലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് തുടക്കത്തില്‍ മോദി കയ്യടി നേടി. പക്ഷെ, ദില്ലിയിലും പിന്നീട് ബീഹാറിലുമൊക്കെ ഏറ്റ പരാജയവും , കള്ളപ്പണം തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല എന്ന ആരോപണവുമൊക്കെ രണ്ടാംവര്‍ഷത്തില്‍ മോദിക്ക് കേള്‍ക്കേണ്ടിവന്നു.

2016 നവംബർ എട്ടിന് രാത്രി മുതൽ രാജ്യം നേരിട്ട നോട്ടുനിരോധനം തന്നെയാണ് മൂന്നു വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ചർച്ചാവിഷയം. ഉറി ആക്രമണത്തിന് തിരിച്ചടിയായി നടത്തിയ മിന്നലാക്രമണവും മോദി സർക്കാരിന്റെ ജനപ്രീതി വർധിപ്പിച്ചു

രോഹിത്​ വെമുലയുടെ ആത്​മഹത്യ, കനയ്യകുമാർ, ഉമർ ഖാലിദ്​ എന്നിവരുടെ അറസ്​റ്റ്​, പശുവി​ന്റെ പേരിൽ നടക്കുന്ന കൂട്ടക്കൊലകൾ, പുകയുന്ന കശ്​മീർ പ്രശ്​നം എന്നിവയെല്ലാം മോദി സർക്കാറിനെ ഇപ്പോഴും വേട്ടയാടുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ