No-confidence motion in Parliament: ന്യൂഡൽഹി: ലോക്സഭയിൽ നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് രാഹുൽ നടത്തിയ പ്രസംഗം ബിജെപിയെ ആക്രമിച്ചുകൊണ്ടുളളതായിരുന്നു. നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ രാഹുൽ പ്രസംഗത്തിൽ അക്കമിട്ട് നിരത്തി. വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങൾ എവിടെയെന്നും ജനങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെയെന്നും രാഹുൽ ചോദിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാതെ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചുവെന്നും രാഹുൽ പറഞ്ഞു.
നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവും രാഹുൽ ഉന്നയിച്ചു. റാഫേൽ ഇടപാടിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പൊട്ടിച്ചിരിച്ചുകൊണ്ടാണ് നരേന്ദ്ര മോദി നേരിട്ടത്. ഇതു കണ്ട രാഹുൽ ചിരിക്കുന്ന മോദിയുടെ കണ്ണുകളിൽ പരിഭ്രമമുണ്ടെന്നാണ് പറഞ്ഞത്.
പ്രധാനമന്ത്രിയെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടിട്ടും അദ്ദേഹം തന്റെ മുഖത്ത് നോക്കുന്നില്ലെന്ന് രാഹുൽ പരാതിപ്പെട്ടു. നരേന്ദ്ര മോദി തന്റെ മുഖത്ത് നോക്കാതെ അവിടെയും ഇവിടെയുമൊക്കെ നോക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്. ഇതുകേട്ട മോദി അതിശയത്തോടെ ചിരിച്ചുകൊണ്ട് ഏറെ നേരം ഇമചിമ്മാതെ രാഹുലിന്റെ മുഖത്തേക്ക് നോക്കിയിരുന്നു.
#WATCH LIVE: Congress President Rahul Gandhi speaking during #NoConfidenceMotion debate in Lok Sabha https://t.co/MEjRPJoJjw
— ANI (@ANI) July 20, 2018
നരേന്ദ്ര മോദിയെ കടന്നാക്രമിച്ചുളള പ്രസംഗത്തിനുശേഷം പ്രധാനമന്ത്രിയെ ആലിംഗനം ചെയ്താണ് രാഹുൽ മടങ്ങിയത്. ഞാൻ ഇത്രയും നേരം നിങ്ങളെ വിമർശിച്ചു, വ്യക്തിപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല, കാരണം എന്റേത് കോൺഗ്രസ് സംസ്കാരമാണ്, ഇത് പറഞ്ഞ് സ്വന്തം ഇരിപ്പിടത്തിൽനിന്ന് പ്രധാനമന്ത്രിയുടെ സമീപം എത്തിയാണ് ആലിംഗനം ചെയ്തത്. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ നരേന്ദ്ര മോദി ഒന്നു പതറി. മടങ്ങിപ്പോകാൻ പോയ രാഹുലിനെ അടുത്തേക്ക് വിളിച്ച് സംസാരിച്ചും ഹസ്തദാനം നൽകിയുമാണ് മടക്കി അയച്ചത്.