ന്യൂഡൽഹി: സെപ്റ്റംബർ 24 ന് വാഷിംഗ്ടണിൽ നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തീവ്രവാദകത്തെയും ഭീകരതയെയും ചെറുക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ മോദിയും ബൈഡനും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“തീവ്രവാദത്തെ ചെറുക്കാനും തീവ്രവാദത്തെ തടയാനുമുള്ള മാർഗങ്ങൾ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ബൈഡനും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധ, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രാദേശിക സംഭവവികാസങ്ങൾ സംബന്ധിച്ച ചർച്ചയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,”ശൃംഗ്ല പറഞ്ഞു.
“ഇന്ത്യയും യുഎസും തമ്മിലുള്ള സുദൃഢവും ബഹുമുഖവുമായ ബന്ധം മോദിയും ബൈഡനും അവലോകനം ചെയ്യും. ഇന്ത്യ-യുഎസ് ആഗോള പങ്കാളിത്തം കൂടുതൽ സമ്പന്നമാക്കാനുള്ള വഴികളെക്കുറിച്ചും അവർ ആലോചിക്കും,” ശൃംഗ്ല കൂട്ടിച്ചേർത്തു.
Read more: ‘നിന്ദ്യമായത്’, ‘വംശീയത നിറഞ്ഞത്’: യുകെയുടെ പുതിയ യാത്രാനിയമത്തിനെതിരെ തരൂരും ജയറാം രമേശും
സെപ്റ്റംബർ 22 മുതൽ 27 വരെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം. തന്റെ യാത്രയ്ക്കിടെ, പ്രധാനമന്ത്രി വാഷിംഗ്ടണും ന്യൂയോർക്കും സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സെപ്റ്റംബർ 24 ന് വൈറ്റ് ഹൗസിൽ മോദിയും ബൈഡനും തമ്മിലെ ആദ്യ വ്യക്തിഗത കൂടിക്കാഴ്ച നടക്കും.
അതേ ദിവസം തന്നെ, വൈറ്റ് ഹൗസിൽ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ആദ്യ ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ മോദി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്കും യുഎസിനും പുറമെ ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ക്വാഡ് സഖ്യത്തിലുള്ളത്.
അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുറമേ, ഇന്തോ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളിലും ഇരുപക്ഷവും യോജിച്ച് പ്രവർത്തിക്കും.
സെപ്റ്റംബർ 25 ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ (യുഎൻജിഎ) എഴുപത്താറാമത് പൊതു സഭാ ചർച്ചയിൽ മോദി സംസാരിക്കും.
ഈ വർഷം ആദ്യം പ്രസിഡന്റ് ജോ ബൈഡൻ ചുമതലയേറ്റ ശേഷമുള്ള മോദിയുടെ ആദ്യ യുഎസ് സന്ദർശനമാണിത്. ഈ വർഷം മൂന്ന് വിർച്വൽ യോഗങ്ങളിൽ മോദിയും ബൈഡനും ഒരുമിച്ച് പങ്കെടുത്തിരുന്നു, മാർച്ചിൽ നടന്ന ക്വാഡ് ഉച്ചകോടി, ഏപ്രിലിലെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി ജൂണിൽ നടന്ന ജി -7 ഉച്ചകോടി എന്നിവയിലാണ് ഇരു നേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. ജി-7 ഉച്ചകോടിയിൽ മോദി നേരിട്ട് പങ്കെടുക്കേണ്ടതായിരുന്നെങ്കിലും ഇന്ത്യയിലെ കോവിഡ് സാഹചര്യം കാരണം വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കുകയായിരുന്നു.