ന്യൂഡല്‍ഹി: വരാന്‍ പോകുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി തന്നെയായിരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദിയ്ക്ക് പാര്‍ട്ടിയില്‍ നിന്നും ഉറച്ച പിന്തുണയാണുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി. കൂടാതെ പശ്ചിമ ബംഗാളിലും ഒഡീഷയിലും തങ്ങള്‍ സ്ഥാനം ഉറപ്പിക്കുമെന്നും ഉത്തര്‍പ്രദേശില്‍ എന്ത് സാഹചര്യത്തിലും ഒരു സീറ്റ് പോലും തങ്ങള്‍ നഷ്ടപ്പെടുത്തില്ലെന്നും അമിത് ഷാ വെല്ലുവിളിച്ചു.

സംസ്ഥാനതല നേതാക്കള്‍ ചേര്‍ന്നുണ്ടാക്കിയ പ്രതിപക്ഷത്തിന്റെ മഹാസഖ്യം ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.

‘മഹാസഖ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ എന്നെ വിളിച്ചു. അവരെന്നോട് ചോദിച്ചു ‘എന്തു സംഭവിക്കും’ എന്ന്. ഞാന്‍ അവരോട് പറഞ്ഞു മഹാസഖ്യത്തെക്കുറിച്ചുള്ള ഭയം ഹൃദയത്തില്‍ നിന്ന് തുടച്ചു നീക്കാന്‍,’ അഹമ്മദാബാദില്‍ ‘മേരാ പരിവാര്‍, ബിജെപി പരിവാര്‍’ പ്രചാരണത്തില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് അമിത് ഷാ പറഞ്ഞു.

‘ഞാന്‍ രാജ്യം മുഴുവന്‍ യാത്ര ചെയ്യുമ്പോള്‍ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുന്നത് കാണാം. അദ്ദേഹത്തിനുള്ള പിന്തുണ അവരുടെ കണ്ണിലുണ്ട്,’ അമിത് ഷാ പറഞ്ഞു.

പ്രചാരണ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് രണ്ടാം തിയ്യതിയോടെ അഞ്ച് കോടി വീടുകളില്‍ ബിജെപിയുടെ പതാക ഉയര്‍ത്താനാണ് പദ്ധതി.

‘ബിജെപിയുടെ പതാക വികസനത്തിന്റെയും വിശ്വാസത്തിന്റേയും ദേശീയതയുടേയും, സമാധാനത്തിന്റെയും അടയാളമാണ്. മോദി യുഗത്തില്‍ ജാതീയതയും കുടുംബ ഭരണവും അവസാനിക്കും,’ അമിത് ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook