ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ സറണ്ടര്‍ മോദിയാണെന്ന് വിമര്‍ശിച്ചു കൊണ്ട് രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വകക്ഷി യോഗത്തില്‍ ചൈന ഇന്ത്യയുടെ ഭൂപ്രദേശത്തിലേക്ക് കടന്നിട്ടില്ലെന്നും സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തിട്ടില്ലെന്നും മോദി പറഞ്ഞിരുന്നു. ഇത് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് വിധേയമായിരുന്നു. സംഘര്‍ഷം നടന്ന ലഡാക്കിലെ ഗല്‍വാന്‍ താഴ് വര മോദി ചൈനയ്ക്ക് നല്‍കിയെന്നായിരുന്നു വിമര്‍ശനം. ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറിയില്ലെങ്കില്‍ എങ്ങനെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കന്‍മാര്‍ ചോദിച്ചിരുന്നു.

മോദി ചൈനയ്ക്ക് കീഴടങ്ങിയെന്ന തരത്തില്‍ പ്രതിപക്ഷം പ്രചാരണം തുടരുമ്പോഴാണ്‌
രാഹുല്‍ മോദിയെ സറണ്ടര്‍ മോദിയെന്ന് വിളിച്ചത്.

പ്രമുഖ ചിന്തകനായ ബ്രഹ്മ ചെലാനി ജപ്പാന്‍ടൈംസില്‍ എഴുതിയ ലേഖനത്തിന്റെ ലിങ്ക് ഉള്‍പ്പെടുത്തിയാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്. ചൈനയെ പ്രീതിപ്പെടുത്തുന്ന നയമാണ് ഇന്ത്യയുടേതെന്നായിരുന്നു ലേഖനത്തില്‍ ചെലാനി പറയുന്നത്.

സറണ്ടറിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ വ്യത്യാസം വരുത്തി സുരേന്ദര്‍ സിംഗ് എന്നാണ് രാഹുല്‍ എഴുതിയിട്ടുള്ളതെങ്കിലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കീഴടങ്ങിയ മോദിയെന്ന വ്യാഖ്യാനം ലഭിക്കുന്ന തരത്തിലാണ് രാഹുലിന്റെ ട്വീറ്റ്.

അതേസമയം, 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെങ്കില്‍ അതിന്റെ ഇരട്ടി ചൈനയുടെ ഭാഗത്ത് കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി ജനറല്‍ വികെ സിങ് പറഞ്ഞു. ആദ്യമായിട്ടാണ് സര്‍ക്കാരില്‍ നിന്നും ചൈനീസ് പക്ഷത്തെ മരണത്തെ കുറിച്ച് ഔദ്യോഗികമായ പ്രതികരണം ഉണ്ടാകുന്നത്. 43 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മുന്‍ സൈനിക മേധാവി കൂടിയായ സിങിന്റെ വെളിപ്പെടുത്തല്‍. എത്രപേര്‍ക്ക് പരിക്കേറ്റുവെന്ന് ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook