ന്യൂഡല്‍ഹി: തന്നെ ബാഹുബലി സിനിമയിലെ പ്രതിനായകനായ ബല്ലാല ദേവയുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രത്യാക്രമണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നരേന്ദ്രമോദി തീവ്രവാദിയാണെന്നും അദ്ദേഹം ഒരിക്കലും ഒരു നല്ല മനുഷ്യനല്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

‘നരേന്ദ്ര മോദി ഹൃദയംകൊണ്ട് ഒരു തീവ്രവാദിയാണ്. അയാള്‍ ഒരിക്കലും ഒരു നല്ല മനുഷ്യനല്ല. ഇവിടെയുള്ള ന്യൂനപക്ഷ സഹോദരന്മാരോട് എനിക്ക് ഒരു അപേക്ഷയേ ഉള്ളൂ. നിങ്ങള്‍ മോദിക്ക് വോട്ട് ചെയ്താല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരും. നിങ്ങളെ ജയിലിലടയ്ക്കാനായി മുത്തലാഖ് നിരോധനം കൊണ്ടുവന്നത് ഈ മോദിയാണ്, അല്ലേ?’

2002 ലെ ഗുജറാത്ത് കലാപ സമയത്ത് മോദിയുടെ രാജി ആവശ്യപ്പെട്ട ആദ്യ വ്യക്തി താനാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ‘ഇതിന് ശേഷം നിരവധി രാജ്യങ്ങള്‍ മോദിക്ക് അവിടേക്കുള്ള സന്ദര്‍ശനാനുമതി നിഷേധിച്ചു. ഒരു തവണ കൂടി അധികാരത്തിലെത്തിയാല്‍ അദ്ദേഹം ന്യൂനപക്ഷങ്ങളെ ആക്രമിക്കും. അതില്‍ സംശയമില്ല,’ ചന്ദ്രബാബു നായിഡു പറഞ്ഞു.

എപ്രില്‍ ഒന്നിന് തെലങ്കാനയില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ ചന്ദ്രബാബു നായിഡുവിനെ യൂടേണ്‍ ബാബു എന്നായിരുന്നു മോദി അഭിസംബോധന ചെയ്തത്. ജനങ്ങളുടെ വിവരങ്ങള്‍ ടിഡിപി ചോര്‍ത്തിയെടുത്തെന്നും മോദി ആരോപിച്ചിരുന്നു. മിത്ര ആപ്പ് ഉപയോഗിച്ച് ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നും സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരാവുന്ന കുറ്റമാണ് ഇതെന്നും മോദി പറഞ്ഞിരുന്നു. ടിഡിപി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടമായെന്നും മോദി ആരോപിച്ചിരുന്നു.

പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയും വാഗ്‌ദാനങ്ങള്‍ പാലിക്കാതെയുമിരിക്കുന്ന ചന്ദ്രബാബു നായിഡു ബാഹുബലി സിനിമയിലെ ബല്ലാല ദേവനെപ്പോലയാണെന്നായിരുന്നു മോദിയുടെ പരിഹാസം. ഇതിനെതിരെയാണ് ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്.

‘യൂടേണ്‍ ബാബു’വില്‍ നിന്നും ആന്ധ്രാ പ്രദേശിന്റെ പൈതൃകം സംരക്ഷിക്ക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ചന്ദ്രബാബു നായിഡുവിന് സ്വന്തം പൈതൃകം മാത്രമാണ് പ്രധാനമെന്നും മോദി ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook