താങ്കൾ കഴിഞ്ഞ അഞ്ചു വർഷമായി പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രചാരണ മോഡിലായിരുന്നു. താങ്കളും അവരുടെ ലക്ഷ്യമാണ് എന്നാണ് ഇതർത്ഥമാക്കുന്നത്. ജനാധിപത്യത്തിൽ കൂടിയാലോചനകൾ ആവശ്യമാണ്, ഭരണപക്ഷം-പ്രതിപക്ഷ ബെഞ്ചുകൾ തമ്മിലുള്ള പൊരുത്തപ്പെടലുകൾ ആവശ്യമാണ്. ഈ പ്രചാരണം അത്തരമൊരു പൊരുത്തപെടുലുകൾക്കുള്ള ഇടമില്ലാതാക്കുന്നില്ലേ?
ശരിയായ വസ്തുതയാണ്. എന്നാലതിൽ ഒരുകാര്യം ഇല്ല. വിജ്ഞാൻ ഭവനിൽ നിന്നും മന്ത്രിസഭാ മുറികളിൽ ഇരുന്നും സർക്കാരിനെ നയിച്ചവർക്ക് ആക്ഷേപകരമായി തോന്നാം. അവർ ചോദ്യം ചെയ്യപ്പെടണം. പ്രധാനമന്ത്രി രാജ്യത്തുടനീളം സഞ്ചരിച്ചില്ലെങ്കിൽ പിന്നെ അദ്ദേഹത്തിന് രാജ്യത്ത് എന്ത് നടക്കുന്നു എന്നെങ്ങനെ മനസിലാകും? ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി അവധി ദിനങ്ങൾ ചിലവഴിക്കാനല്ല യാത്രകൾക്ക് പോകുന്നത് എന്നുള്ള കാര്യം അംഗീകരിക്കണം. ഞാൻ ജലവുമായി ബന്ധപ്പെട്ട് ഒരു പരിപാടിക്ക് പോകുകയാണെങ്കിൽ ഞാൻ ജലത്തിനെക്കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളൂ. വൈദ്യുതിയെ കുറിച്ചൊരു പരിപാടി ആണെങ്കിൽ ഞാൻ വികസനത്തിനെക്കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളു.
തിരഞ്ഞെടുപ്പ് സമയത്തല്ലാതെ ഞാൻ ഒരു പാർട്ടിക്ക് എതിരെയോ നേതാക്കൾക്ക് എതിരെയോ സംസാരിക്കാറില്ല. അതും അന്നത്തെ ദിവസം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും പ്രസ്താവനകൾ ഉണ്ടാവുകയാണെങ്കിൽ അതിനു ഞാൻ മറുപടി നൽകും. ഗുജറാത്തിലെ മുഖ്യമന്ത്രി ആയിരുന്ന കാലം മുതലുള്ള എന്റെ പ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കിത് മനസിലാകും. പാർലമെന്റിൽ ആണെങ്കിലും ഇതാണ് എന്റെ പ്രതിബദ്ധത.
ഞാൻ നിങ്ങൾക്ക് രണ്ട് സംഭവങ്ങൾ പറഞ്ഞു തരാം. അത് ഇന്ത്യൻ എക്സ്പ്രസ് ശരിയായ വീക്ഷണത്തിൽ തന്നെ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. എവിടെ നിന്നാണ് INS വിരാട് എന്ന വിഷയം വന്നത്? ഇത് എനിക്കറിയാത്ത പുതിയൊരു വിഷയമല്ല ഇത്. എന്തു കൊണ്ടത് വന്നു? സേന മോദിയുടെ സ്വകാര്യ സ്വത്തല്ല എന്ന് ഒരു പത്രസമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റ് പറയുകയുണ്ടായി- നിങ്ങളെല്ലാരും ഇത് ശ്രദ്ധിച്ചില്ല. അപ്പോൾ എന്താണ് വ്യക്തിപരമായ കുത്തകാധികാരമെന്ന് എനിക്ക് പറഞ്ഞു കൊടുക്കേണ്ടി വന്നു. രാജീവ് ഗാന്ധി അല്ല എന്റെ പ്രശ്നം. നിങ്ങൾ അദ്ദേഹത്തെ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾക്ക് രാജീവ് ഗാന്ധിയെ ഉയർത്തിക്കാട്ടാം. അത് നിങ്ങളുടെ താല്പര്യമാണ്. അന്നും ഇന്ത്യൻ എക്സ്പ്രസ് ഈ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, പക്ഷേ അന്ന് ഈ അഡ്മിറലുകൾ കാര്യങ്ങൾ പുറത്ത് പറഞ്ഞില്ല. ഒരു വിഷയത്തില്‍ സംസാരം തുടങ്ങിയാല്‍ അതെവിടെ അവസാനിക്കുമെന്ന് നമുക്കറിയില്ല, എന്നൊരു ചൊല്ലില്ലേ? അതുപോലെയാണിത്.
രണ്ടാമത്തെ തവണ സംഭവിച്ചത്, ജാർഖണ്ഡിൽ ആയിരുന്നപ്പോൾ, അദ്ദേഹം (രാഹുൽ ഗാന്ധി) നരേന്ദ്ര മോദിയുടെ പ്രതിച്ഛായ പൊളിക്കണമെന്ന് പറഞ്ഞതായി വായിച്ചു. സ്വാഭാവികമായും എങ്ങനെയെങ്കിലും എന്റെ പ്രതിച്ഛായ തകർത്താൽ മതി. മോദിയുടെ പ്രതിച്ഛായ ഖാൻ മാർക്കറ്റിലെ സംഘങ്ങളോ ലുട്ട്യേനസ് ക്ലബ്ബിൽ ഉള്ളവരോ നിർമിച്ചതല്ല, മറിച്ച് 45 വർഷത്തെ തപസ്യയാണ്, നല്ലതാണെങ്കിലും ചീത്തയാണെങ്കിലും. നിങ്ങൾക്കത് തകർക്കാൻ സാധിക്കില്ല. എന്നാൽ ലുട്ട്യേനസ് ക്ലബും ഖാൻ മാർക്കറ്റ് സംഘവും ചേർന്ന് മുൻ പ്രധാനമന്ത്രിയുടെ ഒരു പ്രതിച്ഛായ നിർമിച്ചിരുന്നു, ‘Mr.Clean , Mr. Clean’ അതെങ്ങനെ അവസാനിച്ചു? എന്റെ പ്രതിച്ഛായ? അതാണ് ഉത്തരം. കാര്യങ്ങൾ അന്വേഷിച്ച് ജനങ്ങളെ പഠിപ്പിക്കുക എന്നത് നിങ്ങളുടെ ജോലിയാണ്.

പ്രചാരണങ്ങൾ ഇപ്പോൾ വളരെ വ്യക്തിപരമാണ്-കോൺഗ്രസ് മാത്രമല്ല, മമത ബാനർജിയോടും ചന്ദ്രബാബു നായിഡുവിനോടും-തിരഞ്ഞെടുപ്പിനു ശേഷം നിങ്ങൾക്കെല്ലാവർക്കും ദേശീയ വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമോ എന്നുപോലും ചിന്തിച്ചുപോകുന്നു?
ഒരേസമയത്തെ തിരഞ്ഞെടുപ്പിനു വേണ്ടി ഞാൻ നിരന്തരം ശ്രമിച്ചു. പ്രതിപക്ഷ അംഗങ്ങളോട് ഞാൻ സംസാരിച്ചിരുന്നു, അവരെന്തെങ്കിലും ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ അവരുടെ പാർട്ടികൾ വ്യത്യസ്തമായ നിലപാട് എടുത്തു. ഒരു പ്രധാനമന്ത്രി പ്രതിപക്ഷത്തിന് ഇത്രയധികം സമയം നൽകുന്നത് അവരതിന് മുൻപ് കണ്ടിട്ടില്ലായെന്ന് അവർ സമ്മതിക്കാറുണ്ട്, പക്ഷേ അവരത് പരസ്യമായി പറയില്ല. പാർലമെന്റ് പ്രവർത്തിക്കുമ്പോൾ, പ്രതിദിനം പല പാർട്ടികളിലെ ആയി ശരാശരി 40-45 എംപിമാരെ ഞാൻ കാണുന്നു. ജനാധിപത്യത്തിൽ സംഭാഷണം വളരെ സുപ്രധാനമാണ്.
ചുഴലിക്കാറ്റ് വന്നപ്പോൾ ഞാൻ ഉടൻ തന്നെ മമതാ ബാനർജിയെയും നവീൻജിയെയും വിളിക്കുകയുണ്ടായി. എന്റെയൊരു തിരഞ്ഞെടുപ്പ് റാലി താമസിപ്പിച്ച് ഒരു ദുരന്തനിവാരണ യോഗം ചേര്‍ന്നു. കരയിൽ നിന്നും ചുഴലിക്കാറ്റ് 1,000 കിലോമീറ്റര്‍ അകലെയായിരുന്നപ്പോൾ മുതൽ ഞാൻ ഓരോ രണ്ട് മണിക്കൂർ വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. അമ്പലത്തിലെ വെടിമരുന്നു പൊട്ടിത്തെറിച്ച് കേരളത്തിൽ പതിനെട്ട് പേർ മരിച്ചിരുന്നു (10 ഏപ്രിൽ2016, കോൺഗ്രസ് സർക്കാർ ആയിരുന്ന കാലത്ത്). ഏറ്റവും പ്രഗത്ഭരായ ഡോക്ടർമാരെയും കൊണ്ട് ഞാൻ അവിടെ പോയിരുന്നു. ഇതാണ് സത്യം. നിങ്ങളെന്നെ നല്ലവനായി വരച്ചുകാണിക്കേണ്ട ആവശ്യമില്ല.
ഞങ്ങളുടെ ഫോട്ടോ ഡെസ്ക്കിൽ നിങ്ങളും പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളും പുഞ്ചിരിച്ചു കൊണ്ടുളള ഒരു ഫോട്ടോപോലും കാണാനില്ല…
അത്തരം കാര്യങ്ങൾ ഞാൻ മാനേജ് ചെയ്യാറില്ല. ഞാനൊരു രസികനാണ്. ക്യാബിനറ്റ് യോഗത്തിൽ രസകരമായ ചില നിമിഷങ്ങളും ഉണ്ടാകാറുണ്ട്. പക്ഷേ ഇതിനൊക്കെ ഒരു രാഷ്ട്രീയ നിറം കൊടുക്കാറുണ്ട്.