ദുബായ്: യുഎഇ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അബൂദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ടു. ബൊച്ചസന്വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സാന്‍സ്ത (ബിഎപിഎസ്) ക്ഷേത്ര പദ്ധതി ദുബായ് ഒപേര ഹൗസില്‍ നിന്ന് വീഡിയ കോണ്‍ഫറന്‍സിലൂടെയാണ് മോദി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ലോകത്താകമാനമുളള ജനങ്ങള്‍ക്ക് ‘വസുദൈവ കുടുംബകം’ എന്ന സന്ദേശം പകരുന്നതാവട്ടെ ക്ഷേത്രമെന്ന് അദ്ദേഹം ആശംസിച്ചു. 30 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്ക് വീടി പോലെയൊരു ജീവിതസാഹചര്യം ഒരുക്കിയഗള്‍ഫ് രാജ്യങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. സാങ്കേതികവിദ്യ സാധാരണക്കാരനെ ശക്തിപ്പെടുത്തിയെന്നും അദ്ദേബം പറഞ്ഞു.

നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്ത് ബുദ്ധിമുട്ടുകള്‍ കൊണ്ടുവന്നെങ്കിലും രാജ്യം മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയും യു.എ.ഇയും തമ്മിലുള്ളത് കേവലം കൊടുക്കൽ -വാങ്ങൽ ബന്ധം മാത്രമല്ല. ഇന്ത്യയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടു വരാനാണ് സർക്കാർ ശ്രമിക്കുന്നത്. യു.എ.ഇ ആകട്ടെ,​ മറ്റേതെങ്കിലും ഗൾഫ് രാജ്യമാകട്ടെ ഇന്ത്യയ്ക്ക് അവരുമായുള്ള ബന്ധം കൊടുക്കൽ വാങ്ങലിന് അപ്പുറത്തേതാണ്. എല്ലാവർക്കും ബിസിനസ് ചെയ്യാവുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ലോകബാങ്കിന്റെ വ്യവസായ സൗഹൃദ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് 142ൽ നിന്ന് നൂറിലെത്തിയിട്ടുണ്ട്. ഇതുവരെ ഉണ്ടാകാത്ത നേട്ടമാണിത്. എന്നാൽ,​ ഇതുകൊണ്ട് ഇന്ത്യ തൃപ്തരല്ല. ഇനിയും മുന്നേറുകയെന്നതാണ് ലക്ഷ്യം. അതിന് വേണ്ടി സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്യും – മോദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ