ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിലെത്തി. രാജ്യസേവനമെന്നത് ദൈവ സേവനമാണെന്ന് മോദി പറഞ്ഞു. 2013 ൽ കേദാർനാഥിൽ വെളളപ്പൊക്കം ഉണ്ടായപ്പോൾ നാം ഓരോരുത്തരെയും അത് ദുഃഖത്തിലാഴ്ത്തി. ആ സമയത്ത് ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നില്ല, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അന്ന് വെളളപ്പൊക്ക ദുരിതത്തിൽ ഇരകളായവർക്ക് സാധിക്കുന്നതെല്ലാം ചെയ്യാനാണ് ഞാനിവിടെ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേദാർനാഥിന്റെ പ്രകൃതി സൗന്ദര്യം നഷ്ടപ്പെടുത്താതെ തന്നെ വികസനപ്രവർത്തനങ്ങൾ നടത്തും. അടുത്ത വർഷം 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഉത്തരാഖണ്ഡിനെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ രക്തത്തിൽ അച്ചടക്കമുണ്ട്. ഇവിടുത്തെ ഓരോ കുടുംബത്തിലെ ഒരു അംഗമെങ്കിലും സൈനികനാണ്- മോദി പറഞ്ഞു.

കേദാർനാഥിൽ നിരവധി പദ്ധതികളുടെ ശിലാസ്ഥാപനം മോദി നിർവഹിക്കും. ആദി ഗുരു ശങ്കരാചാര്യരുടെ ശവകുടീരത്തിന്‍റെ പുനരുദ്ധാരണത്തിനുള്ള ശിലാസ്ഥാപനവും മോദി നിർവഹിക്കും. 2013ലെ വെള്ളപ്പൊക്കത്തിലാണ് ശങ്കരാചാര്യയുടെ ശവകുടീരം തകർന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് മോദി കേദാർനാഥ് സന്ദർശിക്കുന്നത്. മെയ് മൂന്നിന് മോദി ഇവിടം സന്ദർശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ