ഡാവോസ് (സ്വിറ്റ്സർലൻഡ്): ലോകം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഗുരുതരമായ ആശങ്കകളെക്കുറിച്ചും സാമ്പത്തിക ഉച്ചകോടിയിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം അപകടകരമാണ്. ഭീകരവാദത്തിൽ നല്ലതും ചീത്തയുമുണ്ടെന്ന് ജനങ്ങൾ പറയുന്നത് അതിലും മോശമാണ്. യുവാക്കളായ ചെറുപ്പക്കാർ ഭീകരവാദത്തിൽ പങ്കാളികളാകുന്നത് വേദനാജനകമായ കാര്യമാണ്- മോദി പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ഡാവോസിലാണ് 40-ാമത് ലോകസാമ്പത്തിക ഉച്ചകോടി നടക്കുന്നത്.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചും മോദി സംസാരിച്ചു. ”കാലാവസ്ഥ വ്യതിയാനമാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. ആർട്ടിക്കിലെ മഞ്ഞ് ഉരുകുകയാണ്, പല ദ്വീപുകളും വെളളത്തിനടിയിലാകും. ഇത് ആശങ്കപ്പെടുത്തുന്നതാണ്”.

ജനാധിപത്യത്തിലും നാനാത്വത്തിലും അഭിമാനം കൊളളുന്ന രാജ്യമാണ് ഇന്ത്യ. ഒരു പ്രത്യേക വിഭാഗത്തിന്റെയല്ല, മുഴുവൻ ജനങ്ങളുടെയും വളർച്ചയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സബ്കാ സാത് സബ്കാ വികാസ് ആണ് സർക്കാരിന്റെ മുദ്രാവാക്യം.

”1997 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ദേവ് ഗൗഡയാണ് അവസാനമായി ഡാവോസിൽ എത്തിയത്. അന്ന് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വളർച്ച 400 ബില്യൻ ഡോളറായിരുന്നു. ഇന്ന് അതിൽനിന്നും ആറിരട്ടി അധികമാണ് ഡിജിപി വളർച്ച” മോദി പറഞ്ഞു. രാജ്യാന്തര സമൂഹത്തെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ക്ഷണിച്ചുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. രാജ്യാന്തര ബിസിനസ് സമൂഹത്തിലെ അംഗങ്ങളുമായും മോദി ആശയവിനിമയം നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook