ന്യൂഡല്‍ഹി: ചിലര്‍ ചില സംഭവങ്ങളില്‍ മാത്രമാണു മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം പെരുമാറ്റം മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും ദോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മിഷ(എന്‍എച്ച്ആര്‍സി)ന്റെ 28 -ാം വാര്‍ഷികാഘോഷത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അവരെ ജനം കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
”ചിലര്‍ ചില സംഭവങ്ങളില്‍ മാത്രം മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുന്നു. എന്നാല്‍ മറ്റു സമാന സംഭവങ്ങളില്‍ കാണുന്നില്ല. മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ നേട്ടങ്ങളോടെ നോക്കുന്നത് ഈ അവകാശങ്ങളെയെന്ന പോലെ ജനാധിപത്യത്തിനും ദോഷകരമാണ്. താല്‍പ്പര്യമുള്ളതില്‍ മാത്രമുള്ള പെരുമാറ്റം ജനാധിപത്യത്തിന് ഹാനികരവും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതുമാണ്. അത്തരം രാഷ്ട്രീയത്തെക്കുറിച്ച് ജാഗ്രത പാലിക്കണം,” മോദി പറഞ്ഞു.
കഴിഞ്ഞ ദശകങ്ങളില്‍, ലോകം വഴിതെറ്റിയ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ഇന്ത്യ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ”നമ്മുടെ അവകാശങ്ങള്‍ക്കായി നാം നൂറ്റാണ്ടുകളായി പോരാടി. ഒരു രാജ്യവും സമൂഹവുമെന്ന നിലയില്‍ അനീതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ എപ്പോഴും പ്രതിഷേധിച്ചു,” സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
Also Read: രാജ്യത്ത് 14,313 പേര്‍ക്ക് കോവിഡ്, 181 മരണം; 2.14 ലക്ഷം സജീവ കേസുകള്‍
പാവപ്പെട്ടവര്‍ക്കു ശൗചാലയം, പാചകവാതകം, വൈദ്യുതി, വീട് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ എത്തിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികള്‍ പ്രധാനമന്ത്രി പ്രസംഗത്തില്‍ ഉദ്ധരിച്ചു. സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ മുത്തലാഖിനെതിരായ നിയമം, 26 ആഴ്ചത്തെ പ്രസവാവധി, ബലാത്സംഗത്തിനെതിരെ കൂടുതല്‍ കര്‍ക്കശമായ നിയമം തുടങ്ങിയയെ സംബന്ധിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
മനുഷ്യാവകാശം പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് 1993 ഒക്ടോബര്‍ 12 നാണു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ രൂപീകരിച്ചത്. 1993ലെ മനുഷ്യാവാകാശ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് എന്‍എച്ച്ആര്‍സി അന്വേഷണം നടത്തി ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ അധികൃതരോട് ശിപാര്‍ശ ചെയ്യുന്നു. തെറ്റ് ചെയ്യുന്ന പൊതുപ്രവര്‍ത്തകര്‍ക്കെതിരെ പരിഹാര, നിയമ നടപടികളും ശിപാര്‍ശ ചെയ്യുന്നു.