ന്യൂഡല്‍ഹി: തന്‍റെ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ക്ക് രാഷ്ട്രീയമായി എന്ത് വിലകൊടുക്കാനും തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ അഴിമതി രഹിത പരിതസ്ഥിതിയുണ്ടാക്കുക, ജനകീയവും വികസന സൗഹാര്‍ദ്ദമുള്ളതുമായ ഭരണം കൊണ്ടുവരിക എന്നതാണ് തന്‍റെ സര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യമെന്നും അതിനായി എന്തും നേരിടാന്‍ തയ്യാറാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

” 2014ല്‍ ഞങ്ങള്‍ വന്നപ്പോള്‍ ഇന്ത്യയുടെ സമ്പത്ത് ഘടന വളരെ മോശപ്പെട്ട നിലയിലായിരുന്നു. സാമ്പത്തിക ക്രമവും ബാങ്കിങ് സംവിധാനവും താറുമാറായ അവസ്ഥയിലാണ് ഞങ്ങള്‍ അധികാരമേല്‍ക്കുന്നത്. ഇന്ത്യയെ അന്ന്‍ ഏറ്റവും ദുര്‍ബലരായ അഞ്ച് രാഷ്ട്രങ്ങളിലാണ് ഉൾപെടുത്തിയിരിന്നത്.” നരേന്ദ്ര മോദി പറഞ്ഞു.

“ഇന്ന് ഇന്ത്യക്കാര്‍ അഭിമാനത്തോടെ തലയുയര്‍ത്തി പിടിക്കുന്നു. ‘അബ് കി ബാര്‍ കാമറൂണ്‍ സര്‍ക്കാര്‍’ ‘അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന അംഗീകാരത്തിന്‍റെ തെളിവുകളാണ്. ” പ്രധാനമാന്ത്രി പറഞ്ഞു.

നോട്ടുനിരോധനവും ചരക്കുസേവന നികുതിയും പോലെ കേന്ദ്രത്തെ കടന്നാക്രമിക്കുവാന്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ” ഒരു സമാന്തര സമ്പദ് ഘടനയുടെ ഭാഗമായിരുന്ന കള്ളപ്പണം ഇപ്പോള്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായിരിക്കുകയാണ്. ” നോട്ടുനിരോധനത്തെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ